അവസാന മത്സരത്തില്‍ പരാജയം; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ
ബംഗ്ലാദേശിനെതിരായ ഇന്ന് നടന്ന അവസാന ടി20യിൽ ഇന്ത്യൻ ടീമിന് പരാജയം ധാക്കയിലെ ഷേർ-ഇ-ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം മത്സരത്തിൽ ബംഗ്ലാദേശ് 4 വിക്കറ്റിന് വിജയിച്ചു. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ടി20 പരമ്പര നേരത്തെ തന്നെ ടീം ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ടോസ് ലഭിച്ച പിന്നാലെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 102 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. വെറും 103 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് പക്ഷെ 18.1 ഓവറിൽ 6 വിക്കറ്റിന് ലക്ഷ്യം മറികടന്നു. ഷമീമ സുൽത്താനാണ് ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ റൺസ് നേടിയത്. ഷമീമ 46 പന്തിൽ നിന്ന് 42 റൺസെടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി മിനു മണിയും ദേവിക വൈദും 2 വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ജെമീമ റോഡ്രിഗസ് ഒരു വിക്കറ്റും നേടി. അതേസമയം, ഇന്ത്യക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 41 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 40 റൺസെടുത്തു. ജെമിമ റോഡ്രിഗസ് 28, ഷെഫാലി വർമ 11, യാസ്തിക ഭാട്ടി 12 റൺസും നേടി. തന്റെ 200-ാം അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങിയ സ്മൃതി മന്ദാനയ്ക്ക് ഒരു റൺസ് മാത്രമാണ് നേടാനായത്. ഇന്ത്യയുടെ 7 ബാറ്റ്‌സ്മാൻമാർക്ക് രണ്ടക്കം കടക്കാനായില്ല.