60 ശതമാനം ഇന്ത്യക്കാരും ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ട്
ഉത്സവ സീസണില്‍ 60 ശതമാനം ഇന്ത്യക്കാരും ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതായി റിപ്പോര്‍ട്ട്. 2022 ഓഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ 18 വയസ്സിന് മുകളിലുള്ള ഇന്ത്യക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സൈബര്‍ സെക്യൂരിറ്റിയിലെ മുന്‍നിര സ്ഥാപനമായ നോര്‍ട്ടോണ്‍ലോക്കിന് വേണ്ടി ഹാരിസ് പോള്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് ഓണ്‍ലൈന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടത്.
റിപ്പോര്‍ട്ട് അനുസരിച്ച്, സര്‍വേയില്‍ പങ്കെടുത്ത 60 ശതമാനം ഇന്ത്യക്കാരും വര്‍ഷത്തിലെ മറ്റ് സമയങ്ങളെ അപേക്ഷിച്ച് ഉത്സവ സീസണില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ കൂടുതല്‍ തട്ടിപ്പുകള്‍ക്ക് ഇരയായതായി സമ്മതിച്ചു. ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പ് ആഗോള പ്രശ്‌നമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ഓണ്‍ലൈന്‍ വിപണനം നടക്കുന്ന എല്ലാ രാജ്യങ്ങളിലും തട്ടിപ്പു സംഘമുണ്ട്.
കഴിഞ്ഞ സെപ്റ്റംബര്‍ ആറു മുതല്‍ സ്വര്‍ണ്ണവും ക്രിപ്റ്റോ കറന്‍സികള്‍ളും ഉള്‍പ്പെടെ ഫിനാന്‍ഷ്യല്‍ കണ്ടക്ട് അഥോറിറ്റിയുടെ അംഗീകാരമില്ലാത്ത നിക്ഷേപ പരസ്യങ്ങള്‍ ഗൂഗിള്‍ നിരോധിച്ചിരുന്നു. സാങ്കേതിക സ്ഥാപനങ്ങള്‍ തട്ടിപ്പ് തടയുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അതിനായി സര്‍ക്കാരുമായും റെഗുലേറ്റര്‍മാരുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായും ഗൂഗിള്‍ അറിയിച്ചിരുന്നു.