ബിബിസിക്കെതിരായ ഇന്ത്യയിലെ ആദായ നികുതി അന്വേഷണം; സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നതായി ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങള്‍
ബിബിസിചാനൽ ഓഫീസുകൾക്കെതിരെ ഇന്ത്യയിലെ ആദായ നികുതി വകുപ്പ് പരിശോധന സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയാറായിട്ടില്ല.
ബിബിസി എന്നത് ഒരു സ്വതന്ത്ര സ്ഥാപനമാണെന്നാണ് മോദി-ഗോധ്ര ഡോക്യുമെന്ററി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ബിബിസി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററി ബ്രിട്ടന്റെ ഔദ്യോഗിക നിലപാടല്ലെന്നും ഋഷി സുനക് ഭരണകൂടം വ്യക്തമാക്കിയിരുന്നു.
അതേസമയം, ഇന്ത്യയിലെ ഇപ്പോഴത്തെ ആദായ നികുതി പരിശോധനകളുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നാണ് ബിബിസി പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഗോധ്ര കലാപത്തെയും കൂട്ടിയിണക്കുന്ന ഡോക്യുമെന്ററിയുടെ പശ്ചാത്തലത്തിലുള്ള പ്രതികാര നടപടിയാണ് റെയ്‌ഡെന്ന് കോണ്‍ഗ്രസടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നു.
ബിബിസിക്കെതിരായ റെയ്ഡ് ആഴത്തില്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രതികരിച്ചു. ക്രമക്കേടുകള്‍ സംശയിക്കപ്പെടുമ്പോള്‍ ആദായ നികുതി പരിശോധനകള്‍ നടക്കുമെന്നും ആരും നിയമത്തിന് അതീതരല്ലെന്നും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പ്രതികരിച്ചു.