ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക സംബന്ധിച്ച നിര്‍മ്മാതാക്കളുടെ പരാമര്‍ശത്തില്‍ ഫെഫ്കയ്ക്ക് അതൃപ്തിയെന്ന് സൂചന
എറണാകുളം: ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക സംബന്ധിച്ച നിര്‍മ്മാതാക്കളുടെ പരാമര്‍ശത്തില്‍ ഫെഫ്കയ്ക്ക് അതൃപ്തിയെന്ന് സൂചന.
ഇക്കാര്യം ഇന്നലത്തെ യോഗത്തില്‍ ചര്‍ച്ചയായില്ല .വാര്‍ത്താസമ്മേളനത്തില്‍ നിര്‍മാതാക്കളാണ് ഇക്കാര്യം പറഞ്ഞത്. ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക സര്‍ക്കാരിന് കൈമാറുമെന്നും പറഞ്ഞിരുന്നു. ചര്‍ച്ചചെയ്യാത്ത കാര്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിലാണ് അതൃപ്തി.
ഫെഫ്കയുടെ അതൃപ്തി നിര്‍മാതാക്കളുടെ സംഘടനയെ ഇന്നലെത്തന്നെ അറിയിച്ചിട്ടുണ്ട്.സര്‍ക്കാരിന് പേരു നല്‍കിയാല്‍ തെളിവ് നല്‍കേണ്ടിവരും. ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരെപ്പറ്റിയാണ് പ്രധാനമായും ചര്‍ച്ച വന്നതെന്ന് ഫെഫ്ക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം മറ്റ് സംഘടനകളെ അറിയിച്ചു.അത് മറ്റുളളവരും അംഗീകരിക്കുകയായിരുന്നു.
പ്രതിഭയുള്ള നടന്മാരെന്ന് പ്രശംസ നേടിയവരെങ്കിലും ശ്രീനാഥ് ഭാസിയും ഷെയ്ന്‍ നിഗവും സിനിമ സംഘടനകളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് പലകുറി വിവാദങ്ങളില്‍ പെട്ടവരാണ്..ഓണ്‍ലൈന്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയതിന് പൊലീസ് കേസെടുത്ത ശ്രീനാഥ് ഭാസി മാപ്പ് പറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. ഷെയ്ന്‍ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജുമായുള്ള ഉടക്കില്‍ പരാതി നേരിട്ടിരുന്നു.സ്ഥിരം പ്രശ്നക്കാരായ അഭിനേതാക്കളെന്നാണ് ഷെയ്ന്‍ നിഗത്തിനെയും ശ്രീനാഥ് ഭാസിയെയും സിനിമ മേഖലയില്‍ ആരോപിക്കപ്പെടുന്നത്.ശ്രദ്ധിക്കപ്പെട്ട നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചവരെങ്കിലും വിവാദങ്ങള്‍ വിട്ടൊഴിഞ്ഞിട്ടില്ല.മൂന്ന് വര്‍ഷം മുന്‍പാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് ഫെയ്സ് ബുക്ക് ലൈവിലൂടെ ഷെയ്ന്‍ നിഗം ആരോപിച്ചത്.
വെയില്‍ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമായിരുന്നു കാരണം.മറ്റൊരു സിനിമയ്ക്കായി മുടി മുറിച്ചതാണ് നിര്‍മ്മാതാവിനെ ചൊടിപ്പിച്ചതെന്നും ഇതിനെ തുടര്‍ന്ന് വധഭീഷണി മുഴക്കുന്നു എന്നുമായിരുന്നു താരത്തിന്‍റെ ആരോപണം.എന്നാല്‍ ഷെയ്ന്‍ പ്രതിഫല തുക കൂട്ടി ചോദിക്കുന്നുവെന്നും സിനിമയുടെ സഹകരിക്കുന്നില്ലെന്നുമായിരുന്നു നിര്‍മ്മാതാവിന്റെ മറുപടി. സിനിമ സംഘടനകളില്‍ പരാതി എത്തിയതോടെ ഒടുവില്‍ അന്ന് സംസ്കാരിക മന്ത്രിയുടെ മുന്നില്‍ വരെ ചര്‍ച്ച നീണ്ടു.ഒടുവില്‍ സിനിമയുടെ എഡിറ്റിംഗില്‍ ചില താരങ്ങള്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്ന് ഫെഫ്ക ആരോപിച്ച നടന്മാരുടെ പട്ടികയിലും ഷെയ്ന്‍ നിഗമുണ്ടായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ സെപ്റ്റംബറില്‍ സിനിമ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തില്‍ ഓണ്‍ലൈന്‍ അവതാരകയോട് മോശമായി പെരുമാറി എന്നതിലാണ് ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി എത്തിയത്.ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതിന് പിന്നാലെ നിര്‍മ്മാതാക്കളുടെ സംഘടന താരത്തെ വിലക്കി. അവതാരക കേസ് പിന്‍വലിച്ചതോടെ ആണ് അന്ന് പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്. എന്നാല്‍ ഇക്കുറി വിട്ടുവീഴ്ചയ്ക്കില്ലെന്ന ഉറച്ച സ്വരത്തിലാണ് അമ്മ സംഘടനയുടെ ഉള്‍പ്പടെ പിന്തുണയോടെ നിര്‍മ്മാതാക്കള്‍ താരങ്ങള്‍ക്കെതിരെ നിലപാട് എടുത്തിരിക്കുന്നത്.