ഇലക്ടറൽ ബോണ്ടിൽ പുറത്ത് വിട്ടത് 2019 മുതലുളള വിവരങ്ങൾ; 2500 കോടിയുടെ വിവരങ്ങളില്ല: ജയറാം രമേശ്

single-img
15 March 2024

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത് വന്നതോടെ ബിജെപിക്കെതിരെ ആരോപണങ്ങളുന്നയിച്ചും പുറത്ത് വന്ന വിവരങ്ങൾ സംശയമുന്നയിച്ചും കോൺഗ്രസ്. 2018 മാർച്ച് മാസമാണ് എസ് ബി ഐ ഇലക്ടറൽ ബോണ്ട് തുടങ്ങിയത്. എന്നാൽ 2019 മുതലുളള വിവരങ്ങൾ മാത്രമാണ് പുറത്ത് വിട്ടതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.

2018ലെ ഉൾപ്പെടെയുള്ള 2500 കോടിയോളം രൂപയുടെ വിവരങ്ങള്‍ പുറത്ത് വന്ന ലിസ്റ്റിൽ ഇല്ലെന്ന് ജയറാം രമേശ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഇതിൽ 95 ശതമാനം ബോണ്ടും ബിജെപി പിടിച്ചെടുത്തതാണ്. ആരെയാണ് ബിജെപി സംരക്ഷിക്കുന്നതെന്ന് കോൺഗ്രസ് ചോദിച്ചു.

മാത്രമല്ല ,ബോണ്ടുകളുടെ ഐഡി വിവരങ്ങളും പുറത്തുവിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപിയുടെ അഴിമതി തന്ത്രങ്ങള്‍ വെളിപ്പെട്ടുവെന്ന് ജയ്റാം രമേശ് ആരോപിച്ചു. ചില കമ്പനികള്‍ക്ക് ചില പദ്ധതികള്‍ക്കുവേണ്ടിയുളള സർക്കാർ അനുമതി ലഭിച്ച സമയത്താണ് കോടികള്‍ സംഭാവന നല്‍കിയത്. അതായത് സർക്കാർ അനുമതി ലഭിച്ചതിന്റെ പാരിദോഷികമായി പണം നൽകി. റെയ്ഡ് നടത്തി ചിലരില്‍ നിന്ന് ഹഫ്ത പിരിച്ചു.

കള്ളപ്പണം വെളുപ്പിക്കലും ബോണ്ടിലൂടെ നടന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 47.5% ഇലക്ടൽ ബോണ്ടുകളും ബിജെപിയാണ് സ്വന്തമാക്കിയത്. 6060 കോടി രൂപയാണ് ബിജെപിക്ക് 2019 മുതൽ 2024 വരെ സംഭാവനയായി കിട്ടിയത്. അന്വേഷണം നേരിടുന്ന കമ്പനികൾ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയതിലും വിവാദം കൊഴുക്കുന്നുണ്ട്.

സാൻ്റിയാഗോ മാർട്ടിൻ്റെ ഫ്യൂച്ചർ ഗെയിമിങ് ആൻ്റ് ഹോട്ടൽസ് 1368 കോടിയാണ് ബോണ്ട് ഉപയോഗിച്ച് സംഭാവന നൽകിയത്. പുറത്ത് വന്ന വിവരമനുസരിച്ച് ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങിയത് ഈ കമ്പനിയാണ്. റിലയൻസ് അദാനി അടക്കമുളള വമ്പൻ കമ്പനികൾ ലിസ്റ്റിലില്ലെന്നതും ശ്രദ്ധേയമാണ്.