ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം’; മുഖ്യമന്ത്രിക്ക് കേന്ദ്ര മന്ത്രിയുടെ കത്ത്

single-img
16 December 2023

ഈ സീസണിലെ ശബരിമലയിലെ തീർത്ഥാടക തിരക്കിൽ ഇടപെടലുമായി കേന്ദ്ര സർക്കാർ. ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഏറെ നേരം വരി നിൽക്കേണ്ടി വരുന്നതടക്കം നിലവിൽ ഭക്തർ നേരിടുന്ന പ്രശ്നങ്ങൾ പരിഹ​രിക്കണമെന്നാണ് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഓരോ വർഷവും 15 ലക്ഷത്തോളം ഭക്തർ തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നും വരുന്നവരാണ്. ഇവർക്കെല്ലാവർക്കും വെള്ളവും വൈദ്യസഹായവും ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ശബരിമലയിലെ തിരക്ക് വർദ്ധിച്ചെങ്കിലും വരുമാനത്തിൽ വലിയ ഇടിവുണ്ടായതായുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

മണ്ഡലകാലം ആരംഭിച്ച് 28 ദിവസത്തെ ആകെ വരുമാനം കണക്കാക്കുമ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 കോടിയുടെ കുറവുണ്ടെന്നാണ് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നത്.‌