അബ്ദുറഹിമാനെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി ഐഎന്‍എല്‍

single-img
30 November 2022

കോഴിക്കോട്: കായിക മന്ത്രി വി അബ്ദുറഹിമാനെതിരായ വര്‍ഗീയ പരാമര്‍ശത്തില്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ ഡിജിപിക്ക് പരാതി നല്‍കി ഐഎന്‍എല്‍.

മതവിശ്വാസം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചേര്‍ത്ത് കേസെടുക്കണമെന്ന് ഐഎന്‍എല്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

പരാമര്‍ശത്തിലൂടെ കേരളത്തിലെ സമൂഹത്തെ വെല്ലുവിളിച്ചിരിക്കുകയാണെന്നും ഐഎന്‍എല്‍ കൂട്ടിച്ചേര്‍ത്തു. തിയോഡോഷ്യസ് ഡിക്രൂസിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കെടി ജലീല്‍ എംഎല്‍എ അടക്കമുളളവര്‍ രംഗത്തുവന്നിരുന്നു.

അബ്ദുറഹിമാന്റെ പേരില്‍ തന്നെയൊരു തീവ്രവാദിയുണ്ടെന്നാണ് വിഴിഞ്ഞം സമരസമിതി കണ്‍വീനറായ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് മാധ്യമങ്ങളോട് പറഞ്ഞത്. ‘അബ്ദുറഹിമാന്റെ പേരില്‍ തന്നെയൊരു തീവ്രവാദിയുണ്ട്. അബ്ദുറഹിമാന്‍ യഥാര്‍ത്ഥത്തില്‍ മത്സ്യത്തൊഴിലാളുകളുടെ കാര്യം നോക്കേണ്ട മന്ത്രിയാണ്. പക്ഷെ വിടുവായനായ അബ്ദുറഹിമാന്‍ അഹമ്മദ് ദേവര്‍കോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് വിഴിഞ്ഞത്ത് നടന്ന സമരത്തില്‍ നിന്ന് മനസിലാകും. അബ്ദുറഹിമാന്റെ ഗുണ്ടകളെ അഴിഞ്ഞാടാന്‍ വിട്ടതുകൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ നിഷ്‌കരുണം അടികൊള്ളേണ്ടി വന്നത്. ഞങ്ങള്‍ രാജ്യദ്രോഹികളായിരുന്നെങ്കില്‍ അബ്ദുറഹിമാനെ പോലുള്ള ഏഴാം കൂലികള്‍ ഇവിടെ ഭരണം നടത്തില്ലായിരുന്നു.’-തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.

പരാമര്‍ശം വിവാദമായിതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച്‌ വിഴിഞ്ഞം സമരസമിതി രംഗത്തെത്തിയിരുന്നു. സമരസമിതി നേതാവ് ഫാദര്‍ മൈക്കിള്‍ തോമസാണ് ഖേദപ്രകടനം നടത്തിയത്. അബ്ദുറഹിമാനെ തീവ്രവാദിയെന്ന് വിളിച്ച ഡിക്രൂസിന്റെ പരാമര്‍ശം തെറ്റാണെന്ന് മൈക്കിള്‍ തോമസ് സമ്മതിക്കുകയായിരുന്നു.