ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് ‘റോയല്‍ ഡ്രഗ്സ്’; അന്വേഷണം വ്യാപിപ്പിച്ച്‌ പൊലീസ്

single-img
21 February 2023

ലഹരിമാഫിയയുടെ കാരിയറായെന്ന ഒമ്ബതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നതോടെ അന്വേഷണം വ്യാപിപ്പിച്ച്‌ പൊലീസ്.

വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലിന്മേല്‍ 10 പേര്‍ക്കെതിരെയാണ് കോഴിക്കോട് സിറ്റി പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു കുട്ടി കൂടെ ഇവരുടെ കെണിയില്‍ പെട്ടിട്ടുണ്ടെന്ന് പൊലീസിന് വിവരം കിട്ടി. മൂന്ന് വ‍ര്‍ഷമായി ലഹരിക്കടിമയായ തന്നെ പലതവണ കാരിയറായി ഉപയോഗിച്ചെന്നായിരുന്നു ഒമ്ബതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ പതിനാലുകാരിയുടെ ഈ വെളിപ്പെടുത്തല്‍ പുറത്ത് വന്ന സാഹചര്യത്തില്‍ വൈകിയെങ്കിലും നടപടികള്‍ക്ക് പൊലീസ് തുടക്കമിട്ടിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം കൂട്ടായ്മ വഴിയാണ് ലഹരി കൈമാറ്റം നടത്തിയതെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുള്‍പ്പെട്ട റോയല്‍ ‍ ഡ്രഗ്സ് എന്ന കൂട്ടായ്മയിലെ അംഗങ്ങളെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇതില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയായ ഒരു യുവാവുമുണ്ട്.

ഇയാളുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഒരു ഇതര സംസ്ഥാന തൊഴിലാളി വഴിയാണ് ഇയാള്‍ പെണ്‍കുട്ടിക്ക് ലഹരി നല്‍കിയിരുന്നത്. ഇയാളെയും പൊലീസ് തിരിച്ചറിഞ്ഞു. സംഘത്തിലുളള പലരും നേരത്തെ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടി കൂടി ഈ ശൃംഖലയിലുണ്ട്. 25 പേരടങ്ങുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി കൈമാറ്റം നടത്തിയതെന്നും ഇതില്‍ ഗോവ, ബംഗളൂരു എന്നിവിടങ്ങളലുള്ള ആളുകളുണ്ടെന്നും വ്യക്തമായി.
പെണ്‍കുട്ടി ലഹരിക്കടിമയായ കാര്യം തെളിവ് സഹിതം നേരത്തെ പരാതി നല്‍കിയിട്ടും പൊലീസ് ഗൗരവമായി എടുത്തിലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. സമീപത്തെ കൂടുതല്‍ സ്കൂളുകളിലേക്ക് ഈ റാക്കറ്റിന്‍റെ സ്വാധീനമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി 15 അംഗ സംഘമാണ് കേസന്വേഷിക്കുക. നിലവില്‍ ലഹരി വിമുക്ത ചികിത്സയിലുളള പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കിയ ശേഷം വിപുലമായ മൊഴിയെടുക്കും.