രാഹുൽ ഗാന്ധിയുമായി സംസാരിച്ച വ്യക്തികളെ ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്യുന്നു: കോൺഗ്രസ്
ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ഗാന്ധിയുമായി സംസാരിച്ചവരെ ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്യുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. ട്വിറ്ററിലൂടെയാണ് ജയറാം രമേശ് കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്.
ഭാരത് ജോഡോ യാത്രയിൽ ഉടനീളം @RahulGandhi-മായി സംഭാഷണം നടത്തിയ നിരവധി വ്യക്തികളെ IB ചോദ്യം ചെയ്യുന്നു. IB ഉദ്യോഗസ്ഥർ എല്ലാത്തരം ചോദ്യങ്ങളും ചോദിക്കുന്നു, അവർ രാഹുൽ ഗാന്ധിക്കു സമർപ്പിച്ച മെമ്മോറാണ്ടത്തിന്റെ പകർപ്പുകൾ ഉൾപ്പടെ IB ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. യാത്രയെക്കുറിച്ച് രഹസ്യമൊന്നുമില്ല, എന്നിരുന്നാലും വ്യക്തമായും മോദിയും ഷായും പരിഭ്രാന്തരാണ്, ”ജയറാം രമേശ് ട്വീറ്റ് ചെയ്തു.
നിരവധി പ്രമുഖ ബുദ്ധിജീവികളും സെലിബ്രിറ്റികളും ബിസിനസുകാരും ഭാരത് ജോഡോ യാത്രയ്ക്ക് സ്വകാര്യമായി പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും സർക്കാർ ഏജൻസികളുടെ ഉപദ്രവം ഭയന്ന് അതിൽ ചേരാൻ കഴിയില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ നേരത്തെയും ആരോപണം ഉന്നയിച്ചിരുന്നു. ഇവരിൽ ചിലർ രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തെഴുതിയിട്ടുണ്ട്. മറ്റ് നിരവധി പ്രമുഖരും ആക്ടിവിസ്റ്റുകളും മുൻ സൈനികരും സംഘടനകളും ട്രേഡ് യൂണിയനുകളും വിവിധ സംസ്ഥാനങ്ങളിൽ യാത്രയിൽ പങ്കെടുക്കുകയും രാഹുലിന്റെ ഉദ്യമത്തെ പരസ്യമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.