വാരണാസിയിൽ പരമശിവനെ അനുസ്മരിപ്പിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം; തറക്കലിട്ട് പ്രധാനമന്ത്രി
സ്വന്തം മണ്ഡലമായ യുപിയിലെ വാരാണസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകദേശം 450 കോടി രൂപ ചെലവ് വരുന്ന സ്റ്റേഡിയമാണ് വാരാണസിയിൽ നിർമിക്കുന്നത്. 30,000 കാണികൾക്ക് ഒരേ സമയം മത്സരങ്ങൾ കാണാനുള്ള സൗകര്യം സ്റ്റേഡിയത്തിൽ ഉണ്ടാകും.
30 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. 3 കൊല്ലം കൊണ്ട് നിർമ്മാണം പൂർത്തിയാകും. ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേന്‍ ഭാരവാഹികളും ബിസിസിഐ അധികൃതരും തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രസ്തുത സ്റ്റേഡിയത്തിന്റെ മുന്‍ഭാഗം കാശിയേയും പരമശിവനേയും അനുസ്മരിപ്പിക്കും. മേല്‍ക്കൂര ശിവനെ കിരീടമണിയിക്കുന്ന ചന്ദ്രക്കലയോട് സാമ്യമുള്ളതായിരിക്കും.
അതേസമയം, ഫ്‌ളഡ്‌ലൈറ്റുകളുടെ കാലുകള്‍ക്ക് ത്രിശൂലത്തിന്റെ മാതൃക നല്‍കും. ഗ്യാലറി കാശിയുടെ ഘാട്ടുകളുടെ മാതൃകയില്‍ ഒരുക്കും. പവലിയനും വിഐപി ലോഞ്ചും ശിവന്റെ കയ്യിലുള്ള വാദ്യോപകരണമായി ഡമരു രൂപത്തിലാണ് ഒരുക്കുക. മെറ്റാലിക് ഫ്രെയിമുകളില്‍ ബില്‍വ പത്രയുടെ കൂറ്റന്‍ രൂപങ്ങള്‍ സ്ഥാപിക്കും -ഡിവിഷണല്‍ കമ്മീഷണര്‍ കൗശല്‍ രാജ് ശര്‍മ പറഞ്ഞു.
450 കോടി രൂപയുടെ പദ്ധതിയില്‍ ബിസിസിഐ 330 കോടി നല്‍കും. സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ 120 കോടി ചെലവഴിച്ചിരുന്നു. എല്‍ ആന്‍ഡ് ടിക്കാണ് നിര്‍മാണ ചുമതല. മോദിയുടെ പാര്‍ലമെന്റ് മണ്ഡലത്തിലാണ് സ്‌റ്റേഡിയമെന്ന സവിശേഷതയുമുണ്ട്.