ഹിസ്ബുള്ള പേജര്‍ സ്ഫോടനം; മലയാളിയായ നോര്‍വെ പൗരൻ റിൻസണ്‍ ജോസിനെതിരെ അന്താരാഷ്ട്ര വാറണ്ട്

single-img
30 September 2024

ഹിസ്ബുള്ള സായുധ ഗ്രൂപ്പിന്റെ പേജര്‍ പൊട്ടിത്തെറിയില്‍ കേരളത്തില്‍ ജനിച്ച നോര്‍വെ പൗരനായ റിൻസണ്‍ ജോസിനെതിരെ അന്താരാഷ്ട്ര വാറണ്ടുമായി നോര്‍വെ പൊലീസ്. റിൻസണ്‍ ജോസിന്‍റെ സംരംഭമായ ബള്‍ഗേറിയ ആസ്ഥാനമാക്കിയുള്ള നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ് കമ്പനിയായിരുന്നു ഹിസ്ബുള്ളക്ക് ആവശ്യമായ പേജറുകള്‍ വിതരണം ചെയ്തിരുന്നത്.

പേജറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചതിന് പിന്നാലെ റിൻസണ്‍ ജോസിനെയും കാണാതാകുകയായിരുന്നു. ഈ മാസം 25 നാണ് ഓസ്ലോ പൊലീസിന് റിൻസൻ ജോസിനെ കാണാനില്ലെന്ന് കാണിച്ച് പരാതി ലഭിച്ചത്. പരാതിയെ തുടര്‍ന്നാണ് അന്താരാഷ്ട്ര വാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് നോര്‍വെ പൊലീസ് വാർത്താ ഏജൻസിയായ റോയിറ്റേ‍ഴ്സിനോട് പറഞ്ഞു.

കേരളത്തിലെ വയനാട് ജനിച്ച് വളര്‍ന്ന റിൻസൻ തന്‍റെ എം.ബി.എ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നോര്‍വേയിലേക്ക് പോയത്. കെയര്‍ടേക്കര്‍ വിസയില്‍ അവിടെ എത്തിയ റിൻസണ്‍ പിന്നീട് ബിസിനസ് സംരഭങ്ങള്‍ ആരംഭിക്കുകയായിരുന്നു.