മെഹുല്‍ ചോക്‌സിയെ റെഡ് കോര്‍ണര്‍ നോട്ടീസില്‍ നിന്ന് ഒഴിവാക്കി; പ്രതികരിക്കാതെ സി ബി ഐ

single-img
21 March 2023

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ മെഹുല്‍ ചോക്‌സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ ഒഴിവാക്കി. ചോക്‌സിയുടെ അപേക്ഷയെ തുടര്‍ന്നാണ് നടപടി. സിബിഐ അഭ്യര്‍ത്ഥന പ്രകാരമാണ് മെഹുല്‍ ചോക്‌സിയുടെ പേരിൽ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയത്. എന്നാല്‍ റെഡ് കോര്‍ണര്‍ നോട്ടീസിൽ നിന്നും ഒഴുവാക്കിയതിനെ കുറിച്ച് പ്രതികരിക്കാന്‍ സിബിഐ ഇതുവരെ തയ്യാറായിട്ടില്ല.

രാജ്യാന്തര തലത്തില്‍ കുറ്റവാളികളെ കണ്ടെത്തുന്നതും അറസ്റ്റു ചെയ്യുന്നതിനും സ്വന്തം രാജ്യത്തിന് കൈമാറുന്നത് അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുന്ന അന്താരാഷ്ട്ര ഏജൻസിയാണ് ഇന്റർപോൾ. 2018 ജനുവരിയില്‍ ഇന്ത്യയില്‍ നിന്നു മുങ്ങിയ ചോക്‌സിക്കെതിരെ 10 മാസത്തിനു ശേഷമാണ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കിയത്.

എന്നാൽ തനിക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും സിബിഐയുടെ അപേക്ഷയില്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കിയിതിനെയും ചോക്‌സി ചോദ്യം ചെയ്തിരുന്നു. ഇന്ത്യയിലെ ജയിലിലെ അവസ്ഥ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇന്ത്യയ്ക്ക് തന്നെ കൈമാറുന്നത് ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും പറഞ്ഞിരുന്നു.

ചോക്‌സിയുടെ അപേക്ഷ ഇന്റര്‍പോള്‍ കമ്മിറ്റി കോടതിയായ കമ്മീഷണ്‍ ഫോര്‍ കണ്‍ട്രോള്‍ ഓഫ് ഫയല്‍സിലെ അഞ്ചംഗ സമിതി പരിശോധിച്ച ശേഷമാണ് റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ ഒഴിവാക്കിയത് എന്നാണു പ്രാഥമിക വിവരം.