എലത്തൂര്‍ ട്രെയിന്‍ തീ വയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സൈഫിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു; ഒറ്റക്കാണ് കുറ്റകൃത്യം ചെയ്തത് എന്ന മൊഴി ആവര്‍ത്തിച്ചു ഷാറൂഖ്


എലത്തൂര്‍ ട്രെയിന്‍ തീ വയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സൈഫിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇയാള്‍ക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സഹായത്തെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്.
രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലില്‍ പ്രതി കാര്യമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. താന്‍ ഒറ്റക്കാണ് കുറ്റകൃത്യം ചെയ്തത് എന്ന മൊഴി ആവര്‍ത്തിക്കുക മാത്രമാണ് ഷാറൂഖ് ചെയ്തത്. കണ്ടെത്തിയ തെളിവുകളുടെ ശാസ്ത്രീയ വിശകലനത്തോടെയാണ് ചോദ്യം ചെയ്യുന്നത്.
ആലപ്പുഴ – കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസില്‍ ഡി1 കോച്ചില്‍ തീയിട്ട ശേഷം ഡി2 കോച്ച് കൂടി കത്തിക്കാന്‍ ആയിരുന്നു ഇയാളുടെ നീക്കം എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍ യാത്രക്കാര്‍ പരിഭ്രാന്തരായ ഓടുന്നതിനിടെ ബാഗ് പുറത്തേക്ക് വീണത് തിരിച്ചടിയായി. ഷാറൂഖിനെ ഇന്ന് രാവിലെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും. മെഡിക്കല്‍ കോളേജിലെ ഗ്യാസ്ട്രോ എന്‍ഡോളജി, സര്‍ജറി വിഭാഗങ്ങളാണ് ഇന്ന് പ്രതിയെ പരിശോധിക്കുക. തുടര്‍ന്നാവും തെളിവെടുപ്പിലേക്ക് നീങ്ങുക.