കോയമ്ബത്തൂര്‍ സ്‌ഫോടനത്തില്‍ അന്വേഷണം ഏര്‍വാടിയിലേക്ക്; ഇസ്ലാമിയ പ്രചാര പേരവൈ എന്ന സംഘടനയുടെ പങ്കും അന്വേഷിക്കും
കോയമ്ബത്തൂര്‍: കോയമ്ബത്തൂര്‍ സ്‌ഫോടനത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലെ ഏര്‍വാടിയിലേക്ക്. ഇസ്ലാമിയ പ്രചാര പേരവൈ എന്ന സംഘടനയ്ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ മന്‍പായിയുടെ വീട്ടില്‍ പരിശോധന നടത്തിയ തമിഴ്‌നാട് പൊലീസ്, അദ്ദേഹത്തെ ചോദ്യം ചെയ്തു.
തിരുനെല്‍വേലി മേലാപാളയം സ്വദേശിയായ മുഹമ്മദ് ഹുസൈന്‍ എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇസ്ലാമിയ പ്രചാര പേരവൈ എന്ന സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് ഹുസൈന്‍, മുമ്ബ് കുറേക്കാലം കോയമ്ബത്തൂരില്‍ ഒരു പള്ളിയിലും ജോലി നോക്കിയിട്ടുണ്ട്.
ഇയാള്‍ ഇപ്പോള്‍ ഒരു ട്രാവല്‍ ഏജന്‍സിയും കാറ്ററിംഗ് യൂണിറ്റും നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. കോയമ്ബത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാന്തതിലാണ് പൊലീസ് ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയതും ഇവരെ ചോദ്യം ചെയ്തതും. കോയമ്ബത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട്, സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ബന്ധു കൂടിയായ അഫ്‌സര്‍ ഖാന്‍ എന്നയാളെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
കോയമ്ബത്തൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ കേരളത്തിലെത്തി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന ഐഎസ് ബന്ധമുള്ള തടവുകാരനെ കണ്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അറസ്റ്റിലായ ഫിറോസാണ് വിയ്യൂര്‍ ജയിലിലെത്തി, 2019 ഈസ്റ്റര്‍ ദിനത്തിലെ ശ്രീലങ്കന്‍ പള്ളിയിലെ ചാവേര്‍ ആക്രമണത്തില്‍ പങ്കുള്ള മുഹമ്മദ് അസ്ഹറുദ്ദീനെ കണ്ടത്. ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിന ഭീകരാക്രമണത്തില്‍ 250 പേരാണ് കൊല്ലപ്പെട്ടത്.
കോയമ്ബത്തൂര്‍ സ്‌ഫോടനക്കേസ് അന്വേഷണ ചുമതല കേന്ദ്രസര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയിട്ടുണ്ട്. അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തു നല്‍കിയിരുന്നു. കോയമ്ബത്തൂരിലെ കോട്ടായി ഈശ്വരന്‍ ക്ഷേത്രത്തിന് മുമ്ബില്‍ വെച്ച് ഞായറാഴ്ച പുലര്‍ച്ചെയാണ് കാര്‍ സ്‌ഫോടനം ഉണ്ടായത്. മുഖ്യ ആസൂത്രകനായ ജമേഷ മുബീന്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.