കൊച്ചി എളംകുളത്ത് വാടകവീട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഡൽഹിയിലേക്ക്
കൊച്ചി: കൊച്ചി എളംകുളത്ത് വാടകവീട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി റാം ബഹദൂര്‍ ബിസ്തിയയ്‌ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഇയാളുടെ കൊച്ചി ജീവിതം ദുരൂഹത നിറഞ്ഞതായിരുന്നുവെന്നും തുടര്‍ച്ചയായി ഡല്‍ഹി സന്ദര്‍ശിച്ചിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി. ഇത് തുടര്‍ന്ന് ഡല്‍ഹി ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഡല്‍ഹിയിലെത്തി ഇയാളുടെ ബന്ധങ്ങള്‍ അന്വേഷിച്ച ശേഷം നേപ്പാളിലേക്ക് തിരിച്ചാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കൊല്ലപ്പെട്ട ഭഗീരഥി ധാമിയ്‌ക്കൊപ്പം കൊച്ചിയിലെ വാടകവീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. ഹെയര്‍ ഫിക്‌സിംഗ് സ്ഥാപനത്തിലാണ് ഇയാള്‍ ആദ്യം ജോലി ചെയ്തിരുന്നത്. പിന്നീട് ഇത് ഉപേക്ഷിച്ച സ്വന്തം വീട്ടിലെ ജോലികള്‍ ചെയ്യാന്‍ തുടങ്ങി. ഇതിനിടയിലാണ് തുടര്‍ച്ചയായി ഡല്‍ഹി സന്ദര്‍ശനങ്ങള്‍ നടത്തിയത്. മുന്‍പ് ഇയാള്‍ നേപ്പാള്‍ സ്വദേശിനിയ്‌ക്കും രണ്ട് കുട്ടികളുമായി പനമ്ബിള്ളി നഗറില്‍ താമസിച്ചിരുന്നു. മറ്റൊരു നേപ്പാള്‍ സ്വദേശിനിയുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി അന്വേഷണസംഘം വ്യക്തമാക്കി. ഈ യുവതിയെ കൊച്ചിയില്‍ എത്തിച്ചിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
അതേ സമയം, ഭഗീരഥിയുടെ മൃതദേഹം എറണാകുളം മെഡിക്കല്‍ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി രക്തബന്ധമുള്ള അടുത്ത ബന്ധുക്കളോട് കൊച്ചിയിലെത്താന്‍ പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്