കാപ്പിറ്റോള്‍ കലാപങ്ങളുടെ പേരില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താന്‍ നിര്‍ദേശിച്ച് അന്വേഷണ സമിതി
വാഷിംങ്ടണ്‍: കാപ്പിറ്റോള്‍ കലാപങ്ങളുടെ പേരില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താന്‍ നിര്‍ദേശിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് നിയോഗിച്ച അന്വേഷണ സമിതി.
കലാപം, ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍, രാജ്യത്തെ വഞ്ചിക്കാന്‍ ശ്രമം എന്നീ മൂന്നു കുറ്റങ്ങള്‍ ചുമത്താനാണ് അന്വേഷണ സമിതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അന്തിമ റിപ്പോര്‍ട്ടിന് മുന്നോടിയായുള്ള സമിതിയുടെ അന്തിമ യോഗം തിങ്കളാഴ്ച ചേര്‍ന്നിരുന്നു. അടുത്ത ബുധനാഴ്ചയോടെ സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും എന്നാണ് വിവരം.
ഒരു കലാപത്തിന് പ്രേരിപ്പിച്ചതിനും ഔദ്യോഗിക നടപടി തടസ്സപ്പെടുത്തിയതിനും യുഎസ് സര്‍ക്കാരിനെ കബളിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയതിനും തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനും ട്രംപിനെതിരെ കുറ്റം ചുമത്താന്‍ അന്വേഷണം നടത്തിയ ഹൗസ് പാനല്‍ ഏകകണ്ഠമായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം.
“യുഎസ് ഭരണഘടനയ്ക്ക് കീഴിലുള്ള സമാധാനപരമായ അധികാര പരിവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ പ്രസിഡന്റ് ട്രംപ് ഉദ്ദേശിച്ചിരുന്നു എന്നതിന് കമ്മിറ്റി സുപ്രധാന തെളിവുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്,” പാനലിന്റെ കണ്ടെത്തലുകള്‍ വിശദീകരിക്കുന്നതിനിടയില്‍ പ്രതിനിധി ജാമി റാസ്കിന്‍ പറഞ്ഞു.
“സമിതി അംഗങ്ങള്‍ വിവരിച്ചതും ഞങ്ങളുടെ ഹിയറിംഗുകളിലുടനീളം ശേഖരിച്ചതുമായ തെളിവുകള്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിന്റെ ക്രിമിനല്‍ റഫറല്‍ ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,” റാസ്കിന്‍ കൂട്ടിച്ചേര്‍ത്തു.
കാപ്പിറ്റല്‍ കലാപത്തില്‍ ട്രംപിന്റെ പങ്കിനെയും ഡെമോക്രാറ്റ് ജോ ബൈഡന്‍ വിജയിച്ച 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെയും കുറിച്ച് അന്വേഷിക്കാന്‍ അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലന്‍ഡ് നിയമിച്ച പ്രത്യേക കൗണ്‍സലിലാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിലേക്കുള്ള കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നല്‍കിയിരിക്കുന്നത്.
ജോ ബൈഡന്‍ പ്രസിഡന്റാവുന്നത് തടയാന്‍ 2021 ജനുവരി ആറാം തീയതിയാണ് കലാപകാരികള്‍ കാപ്പിറ്റോള്‍ ബില്‍ഡിങ്ങിലേക്ക് ഇരച്ചു കയറി നാശനഷ്ടങ്ങള്‍ വരുത്തിയതാണ് അന്വേഷണത്തിലേക്ക് നയിച്ചത്.