ഐപിഎൽ 2023: പൗരത്വ ഭേദഗതി നിയമം – ദേശീയ പൗരത്വ രജിസ്റ്റർ പ്രതിഷേധ ബാനറുകൾ അനുവദിക്കില്ല

single-img
2 April 2023

പുതിയ ഐപിഎൽ സീസണിൽ ഡൽഹി, മൊഹാലി, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവയുൾപ്പെടെ നാല് നഗരങ്ങളിൽ മത്സരങ്ങൾ കാണാൻ വരുന്ന കാണികൾക്ക് പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധ ബാനറുകൾ വഹിക്കാൻ അനുവദിക്കില്ല.

ചെന്നൈ സൂപ്പർ കിംഗ്‌സ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിംഗ്‌സ് എന്നിവയുടെ ടിക്കറ്റിംഗ് പങ്കാളിയായ ‘പേടിഎം ഇൻസൈഡർ’ കുറച്ച് ‘നിരോധിത വസ്തുക്കൾ’ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവയിലാണ് ഇതും ഇടംനേടിയത്.

അതത് ഹോം മത്സരങ്ങളുടെ ടിക്കറ്റിംഗ് ബിസിനസ്സ് നിയന്ത്രിക്കുന്ന ഫ്രാഞ്ചൈസികളാണ് ഇത്തരത്തിൽ ഉപദേശം നൽകിയത്. മാർക്വീ സ്പോർട്സ് ഇവന്റുകൾ സെൻസിറ്റീവ് രാഷ്ട്രീയമോ നയപരമോ ആയ വിഷയങ്ങളുടെ പരസ്യം അനുവദിക്കാത്തതിനാൽ ഇത് സാധാരണയായി ബിസിസിഐയുമായി കൂടിയാലോചിച്ചാണ് ചെയ്യുന്നത്.

സി എ എ എന്നറിയപ്പെടുന്ന പൗരത്വ ഭേദഗതി നിയമം, 2019 ഡിസംബർ 12, 2019 ന് ഇന്ത്യൻ പാർലമെന്റ് പാസാക്കിയിരുന്നു . അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ സിഖുകാർ, പാഴ്സികൾ, ജൈനന്മാർ, ബുദ്ധമതക്കാർ എന്നിവർക്ക് 2014 ഡിസംബറിന് മുമ്പ് രാജ്യത്ത് എത്തിയിരുന്നെങ്കിൽ ഇന്ത്യൻ പൗരത്വം നേടാൻ സിഎഎ അനുവദിച്ചു. ഈ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾക്ക് നിയമം അർഹത നൽകിയിട്ടില്ല. ഈ ഭേദഗതി മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചനപരമാണെന്ന് കണ്ടതിനാൽ ഇത് രാജ്യത്തുടനീളം പ്രതിഷേധത്തിന് കാരണമായിരുന്നു.

1955 ലെ പൗരത്വ നിയമത്തിന്റെ 2003 ഭേദഗതി പ്രകാരം സൃഷ്ടിക്കപ്പെട്ട എല്ലാ ഇന്ത്യൻ പൗരന്മാരുടെയും ഒരു രജിസ്റ്ററാണ് ദേശീയ പൗരന്മാരുടെ രജിസ്റ്റർ (NRC). അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിന് ഇന്ത്യയിലെ എല്ലാ നിയമപരമായ പൗരന്മാരെയും രേഖപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.