ഐപിഎൽ: സഞ്ജു സാംസണ് വന്‍തുക പിഴ ചുമത്തി ബിസിസിഐ
സീസണിലെ ആദ്യ പരാജയത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റൻ സഞ്ജു സാംസണ് വന്‍തുക പിഴ ചുമത്തി ബിസിസിഐ. ഗുജറാത്ത് ജയന്‍റ്സിനെതിരെ നടന്ന മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ രാജസ്ഥാന്‍ നായകനായ സഞ്ജുവിന് 12 ലക്ഷം രൂപയാണ് സഞ്ജുവിന് പിഴ ചുമത്തിയത്.
ഈ സീസണില്‍ ആദ്യമായാണ് കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ സഞ്ജുവിന് പിഴശിക്ഷ ലഭിക്കുന്നത്. ആദ്യ പിഴവായാതിനാലാണ് പിഴശിക്ഷ 12 ലക്ഷമായി പരിമിതപ്പെടുത്തിയതെന്ന് ഐപിഎല്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നിശ്ചിത സമയത്ത് ഒരോവര്‍ കുറച്ചാണ് രാജസ്ഥാന്‍ എറിഞ്ഞിരുന്നത്. കുല്‍ദീപ് സെന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് വൈഡുകളും ഒരു നോ ബോളും എറിഞ്ഞതോടെ ഒമ്പത് പന്ത് എറിയേണ്ടിവന്നു.
അനുവദനീയമായ സമയം തീരുന്നതിന് മുമ്പ് അവസാന ഓവര്‍ തുടങ്ങിയിരുന്നെങ്കില്‍ സഞ്ജുവിന് പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാകാമായിരുന്നു. അതേപോലെ തന്നെ നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ അവസാന ഓവറില്‍ നാലു ഫീല്‍ഡര്‍മാരെ മാത്രമെ രാജസ്ഥാന് ബൗണ്ടറിയില്‍ നിയോഗിക്കാനായുള്ളു. ഇതും ഗുജറാത്തിന്‍റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. പത്തൊമ്പതാം ഓവര്‍ എറിയുമ്പോള്‍ സഞ്ജുവും ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാരയും വേഗം ഓവര്‍ പൂര്‍ത്തിയാക്കാൻ കുല്‍ദീപ് സെന്നിനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു.
അവസാന ഓവറില്‍ നാലു പീല്‍ഡര്‍മാരെ ബൗണ്ടറിയില്‍ നിര്‍ത്താനാവു എന്ന ഭീഷണി മറികടക്കാനായിരുന്നു ഇത്. എന്നാല്‍ കുല്‍ദീപ് സെന്‍ വൈഡുകളും നോബോളുകളും എറിഞ്ഞതോടെ പത്തൊമ്പതാം ഓവര്‍ തീരാന്‍ താമസിച്ചത് രാജസ്ഥാന് തിരിച്ചടിയായി. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തി197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ് അവസാന പന്തിലെ ബൗണ്ടറിയിലൂടെ യാണ് വിജയത്തിലെത്തിയത്.