പാകിസ്താനില്‍ ഇറാൻ്റെവ്യോമാക്രമണം; 2 മരണം
പാകിസ്താനിലേക്ക് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിനെ അപലപിച്ച പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
പാകിസ്ഥാൻ ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ഇറാന്‍ ചൊവ്വാഴ്ച ആക്രമണം നടത്തിയത്. ഭീകര സംഘടനയായ ജയ്ഷ് അല്‍ അദ്‌ലിനെ ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇറാന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമവിരുദ്ധ നടപടിയാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിശേഷിപ്പിച്ച പാകിസ്താന്‍ അവരുടെ വിശദീകരണത്തെ തള്ളുകയും ചെയ്തു. ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന്റെ ഇറാഖിലെ ആസ്ഥാനം ഇറാന്‍ കഴിഞ്ഞദിവസം അക്രമിച്ചിരുന്നു. ഐഎസിന്റെ വടക്കന്‍ സിറിയയിലെ താവളങ്ങള്‍ക്കുനേരേയും ഇറാന്‍ തിങ്കളാഴ്ച ആക്രമണം നടത്തുകയുണ്ടായി. ഇതിന് പിന്നാലെയാണ് പാകിസ്താനില്‍ നടത്തിയ ആക്രമണം.
‘രണ്ട് നിരപരാധികളായ കുട്ടികളുടെ മരണത്തിനും മൂന്ന് പെണ്‍കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായ, പ്രകോപനമില്ലാതെ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച് ഇറാന്‍ നടത്തിയ ആക്രമണത്തെ പാകിസ്താന്‍ ശക്തമായി അപലപിക്കുന്നു’ പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്‌റ ബലോച് പ്രസ്താവനയില്‍ പറഞ്ഞു.