ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ 28 രാജ്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ഇറാന്‍

single-img
3 February 2024

ഇന്ത്യയിൽ നിന്നുള്ളവർ ഉള്‍പ്പെടെ 28 രാജ്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ഇറാന്‍. ഇന്ത്യ, യുഎഇ, സൗദി, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ തുടങ്ങി 28 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസ രഹിത പ്രവേശനം അനുവദിച്ചിരിക്കുന്നത്. പുതിയ തീരുമാനം ഫെബ്രുവരി നാല് മുതല്‍ പ്രാബല്യത്തില്‍ വരും.

‘ വിനോദ സഞ്ചാരികളായി രാജ്യത്തേക്ക് എത്തുന്ന 28 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഫെബ്രുവരി നാല് മുതല്‍ വിസ ആവശ്യമുണ്ടായിരിക്കില്ല’ ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രവാസികാര്യ ഡെപ്യൂട്ടി അലി റെസ ബിഗ്‌ഡെലി അറിയിച്ചു.

അതേസമയം ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസയുടെ ആവശ്യമില്ലാതെ വിമാനത്തിലൂടെ മാത്രമേ രാജ്യത്തേക്ക് എത്താന്‍ സാധിക്കൂ. കര അതിര്‍ത്തികളിലൂടെ പ്രവേശിക്കണമെങ്കില്‍ ഇന്ത്യക്കാര്‍ക്ക് പഴയത് പോലെ വിസ സ്വന്തമാക്കേണ്ടി വരും. പുതിയ നിയമപ്രകാരം അതത് രാജ്യങ്ങളിലെ എംമ്പസികളുമായും കോണ്‍സുലേറ്റുകളുമായും ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അലി റെസ ബിഗ്‌ഡെലി പറഞ്ഞു.

യു എ ഇ, ഇന്ത്യ, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈറ്റ്, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ടുണീഷ്യ,ടാന്‍സാനിയ, മൗറിറ്റാനിയ, സിംബാബ്വെ, മൗറീഷ്യസ്, സീഷെല്‍സ്, ജപ്പാന്‍, ഇന്തോനേഷ്യ, സിംഗപ്പൂര്‍, ക്യൂബ, വിയറ്റ്‌നാം, കംബോഡിയ, ബ്രൂണെ, ബ്രസീല്‍, മെക്‌സിക്കോ, പെറു, ക്രൊയേഷ്യ, സെര്‍ബിയ, ബോസ്‌നിയ, ഹെര്‍സഗോവിന, ബെലാറസ് തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഇറാന്‍ വിസ രഹിത പ്രവേശനം അനുവദിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറക്കുകയാണെന്ന് ഇറാന്‍ സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് മന്ത്രിയായ ഇസദുള്ളാഹ് ദര്‍ഗാമി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സുഖമമായ സഞ്ചാരം മനുഷ്യരുടെ അവകാശമാണ്. ഇറാന്‍ എന്ന രാഷ്ട്രത്തിന്റെ മഹത്തായ സവിശേഷതകള്‍ ആസ്വദിക്കാന്‍ ലോകത്തിന് അവസരം ഒരുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.