ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ; സൈനിക കരുത്ത് വെളിപ്പെടുത്തി

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ അത്യാധുനിക ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇറാൻ. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിന്റെ (ഐആർജിസി) രഹസ്യ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങളാണ് ഇറാന്റെ ദേശീയ മാധ്യമം പുറത്തുവിട്ടത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾക്കിടയിലും മിസൈൽ ശേഷിക്ക് കാര്യമായ തകരാർ സംഭവിച്ചിട്ടില്ലെന്ന സന്ദേശമാണ് ഇതിലൂടെ ഇറാൻ നൽകുന്നത്.
ഭൂഗർഭ തുരങ്കങ്ങളിൽ നിരനിരയായി സൂക്ഷിച്ചിരിക്കുന്ന ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും സൈനിക സംവിധാനങ്ങളുമാണ് ദൃശ്യങ്ങളിലുള്ളത്. ഷഹാബ്, ഖോറാംഷഹർ, ഖാദർ, ഇമാദ്, ഫത്താ, ഖൈബാർ ഷെകാൻ, പാവേ തുടങ്ങിയ മിസൈലുകളും ദൃശ്യങ്ങളിൽ കാണാം. മിസൈലുകൾ സൂക്ഷിക്കുന്നതിനൊപ്പം ഭൂഗർഭത്തിൽ ആയുധനിർമാണത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഐആർജിസി ഉന്നത സൈനിക മേധാവികൾ കേന്ദ്രം സന്ദർശിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭൂഗർഭ വിക്ഷേപണ സംവിധാനങ്ങൾക്കും മൊബൈൽ ലോഞ്ചറുകൾക്കും ഇവിടെ സൗകര്യമുണ്ടെന്നാണ് വിലയിരുത്തൽ. ഇറാന്റെ മിസൈൽ താവളങ്ങൾ തകർത്തുവെന്ന ശത്രുരാജ്യങ്ങളുടെ അവകാശവാദങ്ങൾക്കുള്ള മറുപടിയായാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നാണ് റിപ്പോർട്ടുകൾ.


