പിണറായിയുടെ ഭാര്യ ഇന്ത്യൻ പ്രസിഡന്റാണോ ഇത്ര പണം കിട്ടാൻ; പരിഹാസവുമായി കെ സുധാകരൻ

single-img
16 February 2024

വീണ വിജയൻറെ കമ്പനിയായ എക്സലോജിക്കിനെതിരായ എസ്എഫ്ഐ അന്വേഷണത്തിലെ കോടതി നടപടി നേരത്തെ പ്രതീക്ഷിച്ചിരുന്നത് തന്നെയാണെന്നും സത്യത്തെ ഞെക്കിക്കൊല്ലാൻ സാധിക്കില്ലെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

വസ്തുനിഷ്ഠമായ കാര്യങ്ങൾ വെച്ച് അന്വേഷണത്തെ നിരാകരിക്കാൻ കഴിയില്ല. ഭാര്യയുടെ പെൻഷൻ കൊണ്ടാണ് എക്സാ ലോജിക്ക് തുടങ്ങിയതെന്ന മുഖ്യന്റെ വാദം വിശ്വസിക്കാവുന്ന കാര്യമല്ലെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രി പിണറായിയുടെ ഭാര്യ ഇന്ത്യയുടെ പ്രസിഡന്റ് ആണോ ഇത്ര പണം കിട്ടാൻ. ഇങ്ങനെയൊക്കെ പറയാൻ പിണറായിക്ക് എന്തോ മിസ്റ്റേക്ക് ഇല്ലേ എന്നാണ് സംശയം.

രാജ്യത്തെ കോടതിയിൽ കോൺഗ്രസിന് വിശ്വാസമുണ്ട്. ഒരിക്കലും രക്ഷപ്പെടുന്ന കേസ് അല്ല എക്സലോജിക്കിന്റെത്. പിണറായിയും കുടുംബവും എങ്ങനെയാണെന്ന് ലോകം അറിയണം. കേന്ദ്ര അന്വേഷണ ഏജൻസിയെ വിശ്വാസം ഉണ്ടായ സംഭവമുണ്ട്, ഇല്ലാതായ സംഭവവുമുണ്ട്. കോടതിയുടെ മുന്നിൽ എത്തിയ കേസിൽ അന്വേഷണ ഏജൻസിക്ക് വലുതായി കളിക്കാൻ കഴിയില്ല. കോടതിയുടെ നിരീക്ഷണം ഉണ്ടാകുമെന്നതിനാൽ വലിയ അപകടം വരാൻ സാധ്യതയില്ല.

കോൺഗ്രസിന്റെ അക്കൗണ്ട് ഫ്രീസ് ചെയ്ത നടപടിയിലും സുധാകരൻ പ്രതികരിച്ചു. കോൺഗ്രസിന്റെ കയ്യിൽ എന്ത് കാശ് ആണ് ഉള്ളത് ഫ്രീസ് ചെയ്യാനെന്നുംഅന്നന്ന് കിട്ടുന്ന പൈസ കൊണ്ട് അന്നന്നു ചെലവഴിച്ചാണ് പോകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എഐസിസിയുടെ കൈയിലും കെപിസിസിയുടെ കൈയിലും കാശില്ലെന്നും അതുകൊണ്ട് ഒരു പേടിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.