14 വര്‍ഷം അല്ലേ ശിക്ഷ? എനിക്ക് 39 വയസ് ആകുമ്ബോഴേക്കും ഞാന്‍ പുറത്തിറങ്ങും…; ക്രൂരതയിൽ കൂസലില്ലാതെ ശ്യാംജിത്ത്

single-img
23 October 2022

കണ്ണൂര്‍: ’14 വര്‍ഷം അല്ലേ ശിക്ഷ? എനിക്ക് 39 വയസ് ആകുമ്ബോഴേക്കും ഞാന്‍ പുറത്തിറങ്ങും… ശിക്ഷയൊക്കെ ഞാന്‍ ഗൂഗിളില്‍ നോക്കി മനസ്സിലാക്കിയിട്ടുണ്ട്’ – പട്ടാപ്പകല്‍ ഒരു പെണ്‍കുട്ടിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ ശ്യാംജിത്തിന്റെ വാക്കുകളാണിത്.

കൂസലില്ലാതെ പൊലീസിന് മുന്നില്‍ ശ്യാംജിത്ത് കൊലപാതകം വിവരിച്ചു. കുറ്റസമ്മതത്തിലും ഉള്ള ഈ കൂസലില്ലായ്മ വിളിച്ച്‌ കാട്ടുന്നത് നമ്മുടെ നാട്ടിലെ നീതിന്യായ വ്യവസ്ഥയും അതിലെ പിഴവുകളുമാണ്.

അച്ഛന്റെ ഹോട്ടലില്‍ രാവിലെ പത്തരവരെ ശ്യാംജിത്ത് ജോലി ചെയ്തു. വിഷ്ണുപ്രിയയുടെ മുത്തശ്ശി മരണപ്പെട്ടത് അറിയാമായിരുന്നതിനാല്‍ വിഷ്ണുപ്രിയ ലീവെടുത്ത് വീട്ടില്‍ തന്നെ കാണുമെന്ന് പ്രതി ഉറപ്പിച്ചു. കൊലപാതകം മനസ്സില്‍ പ്ലാന്‍ ചെയ്ത് ചുറ്റികയും വെട്ടുകത്തിയും വാങ്ങി ബാഗില്‍ വെച്ചു. പാനൂരിലെത്തി യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറി. അഞ്ച് വര്‍ഷത്തോളം സ്നേഹിച്ച പെണ്ണിനെ യാതൊരു ദയയുമില്ലാതെ, മനസാക്ഷി കുത്തുമില്ലാതെ ശ്യാംജിത്ത് വെട്ടിയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും ഒടുവില്‍ കഴുത്തറുത്തും കൊലപ്പെടുത്തി. ശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ അങ്ങാടികുളത്തില്‍ കുളിയും കഴിഞ്ഞ് തിരിച്ച്‌ ഹോട്ടലില്‍ എത്തി പണി തുടര്‍ന്നു. പ്രതിയായ ശ്യാംജിത്തിന്റെ ക്രൂരത വ്യക്തമാകുന്നത് ഈ പ്രവൃത്തികളിലൂടെ കൂടെയാണ്.

ഇന്ന് രാവിലെ മാനന്തേരിയില്‍ എത്തിച്ച്‌ നടത്തിയ തെളിവെടുപ്പില്‍ പ്രതി ഉപയോഗിച്ച ആയുധങ്ങളും മറ്റ് വസ്തുക്കളും കണ്ടെത്തി. വീടിനടുത്തെ കുഴിയില്‍ ഉപേക്ഷിച്ച ബാഗില്‍ മാസ്ക്, ഷൂ, ഷര്‍ട്ട്, കൈയ്യുറ, വെള്ളക്കുപ്പി, സോക്സ്, മുളകുപൊടി, ഇടിക്കട്ട, കുത്തി പരിക്കേല്‍പിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്ബിന്‍്റെ ആയുധം, ചുറ്റിക, കത്തി എന്നിവയാണ് ഉണ്ടായത്. ഇന്ന് തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനക്ക് വിധേയമാക്കി. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍ സംസ്കരിക്കും.