പോസ്റ്റൊറൊട്ടിച്ച് വ്യാജ വാർത്ത സൃഷ്ടിച്ച് മതിയായില്ലേ; പോസ്റ്ററൊട്ടിക്കുന്നത് ഏഷ്യാനെറ്റ് റിപ്പോർട്ടറടക്കമുള്ള സംഘം: മന്ത്രി വീണാ ജോർജ്
ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉണ്ടായിട്ടുള്ള പോസ്റ്റർവിവാദം ആസൂത്രിതമാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്. പോസ്റ്റർ ഒട്ടിച്ചുകൊണ്ട് വ്യാജ വാർത്ത സൃഷ്ടിച്ച് മതിയായില്ലേയെന്ന് വീണാ ജോർജ് ഇന്ന് വയനാട്ടിൽ മാധ്യമപ്രവർത്തകരോട് ചോദിച്ചു.
ഏഷ്യാനെറ്റ് തനിക്കെതിരെ വ്യാജവാർത്തയുണ്ടാക്കിയതായും പോസ്റ്ററൊട്ടിക്കുന്നത് ഏഷ്യാനെറ്റ് റിപ്പോർട്ടറടക്കമുള്ള സംഘമാണെന്നും മനപ്പൂർവം അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും വീണാ ജോർജ് ആരോപിച്ചു..
അതേസമയം, ഓർത്തഡോക്സ് യുവജനം എന്നൊരു പ്രസ്ഥാനം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ വീണാ ജോർജ് , തെരഞ്ഞെടുപ്പിൽ ആര് തന്നെ പിന്തുണച്ചു എന്നും ആര് പിന്തുണച്ചില്ല എന്നതും നാട്ടുകാർക്ക് അറിയാമെന്നും പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവർക്ക് പ്രതിഷേധം ഉണ്ടെങ്കിൽ നേരിട്ടു അറിയിക്കാമെന്നും രാത്രിയുടെ മറവിൽ പോസ്റ്റർ ഒട്ടിക്കുകയല്ല വേണ്ടതെന്നും മന്ത്രി പറഞ്ഞു.
താൻ മത്സരിച്ച മുൻ തെരഞ്ഞെടുപ്പുകളിലും വ്യാജ പ്രചരണം ധാരാളം ഉണ്ടായി. ഓർത്തഡോക്സ് സഭ വീണാ ജോർജിനെതിരെ എന്ന് നേരത്തെയും ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചതായും മന്ത്രി പറഞ്ഞു. വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇന്ന് രാവിലെയാണ് പോസ്റ്റർ ഒട്ടിച്ച വിവരം തന്നെ ഒരാൾ വിളിച്ചു പറഞ്ഞതെന്നും വീണാ ജോർജ് പറഞ്ഞു. മുമ്പ് തെരഞ്ഞെടുപ്പ് സമയത്തും ഇത്തരത്തിൽ പോസ്റ്റർ ഒട്ടിച്ചിരുന്നതായി വീണാ ജോർജ് പറഞ്ഞു. അന്ന് അതിന് പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ് ഇപ്പോഴും പോസ്റ്റർ ഒട്ടിച്ചതെന്നും മന്ത്രി ആരോപിച്ചു.