ലെബനനിലേക്ക് വീണ്ടും ഇസ്രയേല്‍ ആക്രമണം; 100 പേര്‍ കൊല്ലപ്പെട്ടു
ലെബനനിലേക്ക് ഇന്ന് വീണ്ടും ഇസ്രയേല്‍ ആക്രമണം. 100 പേര്‍ കൊല്ലപ്പെട്ടു. 400ലേറെ പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലും സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികള്‍ അപകടകരമായ നിലയില്‍ തുടരുകയാണെന്നും നയതന്ത്ര ശ്രമങ്ങളോട് സഹകരിക്കാന്‍ തയാറാകണമെന്നും ലെബനനിലെ യുഎന്‍ കോര്‍ഡിനേറ്റര്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം, ലെബനനിലെ 300 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. ഒഴിവായി പോകാന്‍ ആവശ്യപ്പെട്ട് 80,000 സംശയാസ്പദമായ കോളുകള്‍ ലഭിച്ചതായി ലെബനീസ് ടെലികോം ഓപ്പറേറ്റര്‍ മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്.
ലെബനനിലെ ബെകാ വാലിയില്‍ വലിയ തോതില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നതായി ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹാഗറി അറിയിച്ചു. ബിന്റ് ജെബെയില്‍, ഐതറൗണ്‍, മജ്ദല്‍ സെലം, ഹുല, ടൂറ, ക്ലൈലെ, ഹാരിസ്, നബി ചിറ്റ്, തരയ്യ, ഷ്‌മെസ്റ്റാര്‍, ഹര്‍ബത്ത, ലിബ്ബായ, സോഹ്‌മോര്‍ എന്നിവയുള്‍പ്പെടെ ലെബനനിലെ പ്രധാന കേന്ദ്രങ്ങളെയാണ് ഇസ്രയേല്‍ വ്യോമാക്രമണം ലക്ഷ്യമിട്ടത്.