ഇസ്രയേൽ ശക്തമായി തിരിച്ചടിക്കുന്നു; പലസ്തീനിൽ 200ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

single-img
7 October 2023

ഇന്ന് രാവിലെ ഹമാസ് അപ്രതീക്ഷിതമായി നടത്തിയ തുടർച്ചയായ റോക്കറ്റ് ആക്രമണത്തിന് കനത്ത തിരിച്ചടി നൽകി ഇസ്രയേൽ. യുദ്ധപ്രഖ്യാപനം നടത്തിയ ഇസ്രയേൽ, അതിശക്തമായ തിരിച്ചടിയാണ് നൽകുന്നത്. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ഇതുവരെ ഇരുനൂറിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതിനോടകം 1600ൽ അധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. തങ്ങളുടെ ശക്തമായ പ്രത്യാക്രമണത്തിൽ ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇന്നു രാവിലെ തീർത്തും അപ്രതീക്ഷിതമായാണ് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം ആരംഭിച്ചത്. 2

ഏകദേശം 0 മിനിറ്റിനിടെ ഇസ്രയേലിനെതിരെ 5000ൽ അധികം റോക്കറ്റുകൾ അയച്ചതായി ഹമാസ് അവകാശപ്പെട്ടിരുന്നു. ധാരാളം ഹമാസ് പോരാളികൾ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറുകയും ചെയ്തു. ഹമാസിന്റെ ആക്രമണത്തിൽ 40ൽ അധികം പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്. സമീപ കാലത്തായി ഇസ്രയേലിനെതിരെ നടക്കുന്ന ഏറ്റവും കനത്ത ആക്രമണമാണിത്.

മിക്ക സ്ഥലങ്ങളിലും ഇസ്രയേൽ സൈന്യവും ഹമാസും ഇപ്പോഴും കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. നുഴഞ്ഞുകയറിയ ഹമാസിന്റെ ആളുകൾ ഇസ്രയേലികളെ വ്യാപകമായി ബന്ദികളാക്കിയതായും റിപ്പോർട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ട്. ഇവരിൽ പലരെയും ഹമാസിന്റെ ആളുകൾ ഗാസയിലേക്ക് കടത്തിക്കൊണ്ടു പോയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഹമാസിന്റെ ആയുധധാരികളായ പോരാളികൾ ഇസ്രയേൽ സൈനികരെയും സാധാരണക്കാരായ പൗരൻമാരെയും പിടിച്ചെടുത്ത സൈനിക വാഹനങ്ങളിലും ബൈക്കുകളിലും കയറ്റി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗാസയിൽവച്ച് കൊലപ്പെടുത്തിയ ഇസ്രയേൽ സൈനികന്റെ മൃതദേഹത്തോട് അക്രമികൾ ക്രൂരമായി അനാദരവ് കാട്ടുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.