പരിക്ക് പറ്റിയ പലസ്തീന്‍ പൗരനെ സൈനിക വാഹനത്തില്‍ മനുഷ്യകവചമായി കെട്ടിവച്ച് ഇസ്രയേല്‍
ഗാസയില്‍ ഇസ്രയേലിന്റെ അധിനിവേശ ക്രൂരതകള്‍ തുടരുകയാണ് . പരിക്കുപറ്റിയ ഒരു പലസ്തീന്‍ പൗരനെ ഇസ്രയേല്‍ സൈന്യത്തിന്റെ വാഹനത്തിന് മുന്നില്‍ മനുഷ്യകവചമായി കെട്ടിയിട്ട് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുകയാണ് .
വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തിലെ സൈനിക റെയ്ഡിന് പിന്നാലെയാണ് പരുക്കേറ്റ യുവാവിനെ സൈന്യം വാഹനത്തില്‍ കെട്ടിയിട്ട് കൊണ്ടുപോയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. രണ്ട് ആംബുലന്‍സുകള്‍ക്ക് പിന്നാലെയാണ് സൈന്യത്തിന്റെ ജീപ്പ് കടന്നു പോയത്. ജെനിന്‍ നിവാസിയായ മുജാഹെദ് അസമിയെയാണ് സൈന്യം കെട്ടിയിട്ട് കൊണ്ടു പോയതെന്ന് വീഡിയോയുടെ ആധികാരിത ഉറപ്പ് വരുത്തിക്കൊണ്ട് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജെനിനില്‍ ഇസ്രയേല്‍ സൈന്യം അറസ്റ്റ് റെയ്ഡ് നടത്തിയെന്നും അതിനിടയിലാണ് ഇദ്ദേഹത്തിന് പരുക്കേറ്റതെന്നും കുടുംബം അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോഴാണ് സൈന്യം അസ്മിയെ ജീപ്പിന് മുകളില്‍ കെട്ടിയിട്ട് കൊണ്ടുപോയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാത്രവുമല്ല അസ്മിയെ കൈമാറാന്‍ സൈന്യം വിസമ്മതിച്ചെന്ന് പലസ്തീനിയന്‍ ആംബുലന്‍സ് ഡ്രൈവര്‍ അബ്ദുല്‍റഊഫ് മുസ്തഫ പറഞ്ഞു.
അതേസമയം ഇസ്രയേല്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതിന് ശേഷം പരസ്പരമുള്ള വെടിവെപ്പ് നടന്നെന്നും ഒരു പ്രതിക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രതിയെ പിടികൂടുകയും ചെയ്തതായും അതില്‍ കൂട്ടിച്ചേര്‍ത്തു.