പലസ്തീനെ സ്വതന്ത്ര രാഷ്ട്രമാക്കാതെ ഇസ്രയേലിനെ അംഗീകരിക്കില്ല: സൗദി അറേബ്യ


പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കാതെ ഇസ്രയേലിനെ അംഗീകരിക്കില്ലെന്ന് സൗദി അറേബ്യ. പലസ്തീൻ എന്ന രാഷ്ട്രസ്ഥാപനത്തിന് വിശ്വസനീയമായ നടപടിയുണ്ടാകാതെ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുകയോ ഗാസയുടെ പുനർനിർമാണത്തിന് സഹായിക്കുകയോ ചെയ്യില്ലെന്ന് സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ അറിയിച്ചു.
നേരത്തെ പലസ്തീൻ രാഷ്ട്രമെന്ന നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തളളിയ പശ്ചാത്തലത്തിലാണ് ഫർഹാൻ രാജകുമാരന്റെ ഈ പ്രതികരണം. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഗാസയിൽ
ഇസ്രായേൽ ഹമാസിനെതിരെ യുദ്ധമാരംഭിക്കുന്നതിന് മുമ്പ് ഇസ്രയേലും സൗദിയും തമ്മിൽ ബന്ധമുണ്ടാക്കാൻ യു എസിന്റെ മധ്യസ്ഥതയിൽ ശ്രമം നടന്നിരുന്നു. ഇതിനായുള്ള കരാർ ഉടൻ ഉണ്ടാകുമെന്നും ഇത് പശ്ചിമേഷ്യയെ മാറ്റി മറിക്കുമെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ഹമാസ് ബന്ദികളാക്കിയവരുടെ അടിയന്തര മോചനമാവശ്യപ്പെട്ട് അവരുടെ ബന്ധുക്കൾ ഇസ്രയേൽ പാർലമെന്റിലേക്ക് ഇരച്ചുകയറി. ഇസ്രായേലി സർക്കാരിന്റെ ധനകാര്യ സമിതി യോഗത്തിനിടെയായിരുന്നു പ്രതിഷേധം. അവർ അവിടെ മരിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങളിവിടെ ഇരിക്കാൻ പാടില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.