ഇസ്രായേൽ ആക്രമണം; ഗാസയിൽ ആശങ്ക വർധിപ്പിച്ച് ആദ്യ പോളിയോ കേസ്
ഇസ്രായേൽ അധിനിവേശം തുടരുന്ന ഗാസയിൽ ആശങ്ക വർധിപ്പിച്ച് ആദ്യ പോളിയോ കേസ് റിപ്പോർട്ട് ചെയ്തു . ഗാസയിലെ കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിന് വേണ്ടി ആക്രമണത്തിന് താൽക്കാലിക വിരാമമിടണമെന്ന ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിരുന്നു. അതിനു ശേഷമാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം ആദ്യ പോളിയോ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തെ തെരുവുകളിലെ മലിന ജലം, മരുന്നുകളുടെ അഭാവം, ഇസ്രയേൽ പ്രഖ്യാപിച്ച ഉപരോധം കാരണം വ്യക്തിഗത ശുചിത്വത്തിന് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾക്കുള്ള അഭാവം എന്നിവയാണ് ഗാസയിൽ വൈറസിന്റെ ആവിർഭാവത്തിന് കാരണമെന്ന് ആരോഗ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ആദ്യ പോളിയോ കേസ് റിപ്പോർട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു പോളിയോ വാക്‌സിനേഷൻ ക്യാമ്പ് ആരംഭിക്കുന്നതിന് വേണ്ടി സംഘർഷം താൽക്കാലികമായി നിർത്തിവെക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടത്. നിലവിൽ വെല്ലുവിളികൾ ശക്തമാണെങ്കിലും പത്ത് വയസിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ വാക്‌സിൻ ക്യാമ്പയിൻ നടത്താൻ ഐക്യരാഷ്ട്ര സംഘടന തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.