കോൺഗ്രസ് തകർന്നോ എന്ന ചോദ്യത്തിന് ഉത്തരമാണ് അയോദ്ധ്യപോലെയുള്ള വിഷയങ്ങൾ: മന്ത്രി മുഹമ്മദ് റിയാസ്
അയോധ്യയിലെ രാമ ക്ഷേത്രം പ്രതിഷ്ഠ ദിന ചടങ്ങുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാര്‍ട്ടിയിലുള്ള ആശയകുഴപ്പം ബാബറി മസ്ജിദ് പ്രശ്നം ആരംഭിച്ച കാലം മുതലുള്ളതാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പാർട്ടിയുടെ വിഷയത്തിലെ ഔദ്യോഗിക നിലപാട് പരസ്യപ്പെടുത്താൻ അവർ തയ്യാറാവുന്നില്ല.
കോൺഗ്രസ് തകർന്നോ എന്ന ചോദ്യത്തിന് ഉത്തരമാണ് ഇത്തരം വിഷയങ്ങൾ. കോൺഗ്രസിൽ ഓരോരുത്തരും ഓരോ നിലപാട് പറയുകയാണ്. പക്ഷെ കോൺഗ്രസിന്റെ നിലപാട് ദിഗ് വിജയസിംഗ് പറഞ്ഞു കഴിഞ്ഞു. മതനിരപേക്ഷ മനസ്സുകൾ വേദനയോടെയാണ് ഇത്തരം നിലപാടുകൾ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം അയോധ്യയിലെ പ്രതിഷ്ഠാദിനത്തില്‍ കോൺഗ്രസ് ദേശീയ നേതൃത്വം പങ്കെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന കോണ്‍ഗ്രസിലടക്കം ആശയക്കുഴപ്പമുണ്ട്. സോണിയ ഗാന്ധി പങ്കെടുക്കരുതെന്നാണ് സംസ്ഥാനത്തെ ഭൂരിപക്ഷം നേതാക്കളും ദേശീയ നേതൃത്വത്തെ അറിയിച്ചത്. എന്നാൽ എഐസിസിയാണ് നിലപാടെടുക്കേണ്ടതെന്ന് കെപിസിസി അധ്യക്ഷൻ പ്രതികരിച്ചു. കോണ്‍ഗ്രസ് നിലപാടില്‍ കരുതലോടെ നീങ്ങാനാണ് ഘടക കക്ഷിയായ മുസ്ലിംലീഗ് തീരുമാനം.