ജിതിൻ ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണ; വിട്ടയച്ചില്ലെങ്കിൽ നാളെ മാർച്ച് നടത്തുമെന്ന് കെ സുധാകരന്‍
സംസ്ഥാന തലസ്ഥാനത്തെ എ കെ ജി സെന്‍ററില്‍ സ്ഫോടക വസ്തു എറിഞ്ഞ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ നിരപരാധിയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍.
ജിതിൻ ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണയാണെന്നും പൊലീസ് ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ ചോക്കലേറ്റിൽ മായം കലർത്തി മയക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
എകെ ജി സെന്ററിന് നേർക്ക് പടക്കമെറിഞ്ഞത് സിപിഎം പ്രാദേശിക നേതാവിന്‍റെ ആളുകളെന്നു നേരത്തെ വ്യക്തമായതാണ്. അങ്ങിനെ ചെയ്യേണ്ട കാര്യം കോൺഗ്രസിനില്ല. ഇവിടെ കെപിസിസി ഓഫീസ് ആക്രമിച്ചവർക്കെതിരെ നടപടിയില്ല. തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്നും ജിതിനെ വിട്ടയച്ചില്ലെങ്കിൽ നാളെ മാർച്ച് നടത്തുമെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം, എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ജിതിന് കേസുമായി ബന്ധം ഇല്ലെന്ന് യൂത്ത് കോൺഗ്രസും വിശദീകരിച്ചു. ജിതിനെ ബോധപൂര്‍വ്വം പ്രതിയാക്കാനാണ് ശ്രമമെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കള്‍ പറഞ്ഞു. രാഷ്ട്രീയ പ്രേരിതമാണ് നടപടി എന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.