മെസിയും റാമോസും അടക്കം 15 കളിക്കാരെ പി എസ് ജി സീസണൊടുവില്‍ കൈവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്

single-img
14 March 2023

ചാമ്ബ്യന്‍സ് ലീഗ് കിരീടെന്ന സ്വപ്നം ഒരിക്കല്‍ കൂടി പ്രീ ക്വാര്‍ട്ടറില്‍ വീണുടഞ്ഞതിന് പിന്നാലെ സീസണൊടുവില്‍ ടീം ഉടച്ചു വാര്‍ക്കാനൊരുങ്ങി പി എസ് ജി

സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസിയും സെര്‍ജിയോ റാമോസും ഉള്‍പ്പെടെ പതിനഞ്ചോളം താരങ്ങളെയാകും പി എസ് ജി സീസണൊടുവില്‍ കൈവിടുകയെന്ന് ഫ്രഞ്ച് മാധ്യമാമയ എല്‍ എക്വിപെ റിപ്പോര്‍ട്ട് ചെയ്തു. പറത്തു പോകുന്ന സീനിയര്‍ താരങ്ങള്‍ക്ക് പകരം കൂടുതല്‍ യുവതാരങ്ങളെ ടീമിലെത്തിക്കാനാണ് പി എസ് ജി ശ്രമിക്കുന്നത്. 2020-21 സീസണില്‍ താരങ്ങളുടെ ട്രാന്‍സ്ഫറിനായി വന്‍തുക മുടക്കിയതിന്റെ പേരില്‍ സാമ്ബത്തിക അച്ചടക്കലംഘനത്തിന് ഫിഫയില്‍ നിന്ന് 10 മില്യണ്‍ യൂറോ പിഴ ചുമത്തിയിരുന്നു. അതിനാല്‍ ഇത്തവണ വന്‍തുക മുടക്കി വമ്ബന്‍ താരങ്ങളെ ടീമിലെത്തിക്കാതെ യുവരക്തത്തില്‍ നിക്ഷേപിക്കാനാണ് പി എസ് ജിയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ലിയോണല്‍ മെസിയെയും സെര്‍ജിയോ റാമോസിനെയും പോലുള്ള വമ്ബന്‍ താരങ്ങളെ ഒഴിവാക്കുന്നതിലൂടെ കളിക്കാരുടെ പ്രതിഫലയിനത്തില്‍ വന്‍ തുക ലാഭിക്കാന്‍ പി എസ് ജിക്കാവും. ഇരുവരുടെയും കരാര്‍ ഈ സീസണൊടുവില്‍ പൂര്‍ത്തിയാവുന്നതിനാല്‍ മറ്റ് നിയമപ്രശ്നങ്ങളൊന്നുമില്ലാതെ ഇവരെ കൈവിടാനാവുമെന്നതും പി എസ് ജി പരിഗണിക്കുന്നുണ്ട്.

റീംസില്‍ നിന്ന് വായ്പാടിസ്ഥാനത്തില്‍ പി എസ് ജിക്കായി കളിക്കുന്ന ജുവാന്‍ ബെര്‍നറ്റ്, റെനാറ്റോ സാഞ്ചസ്, കാര്‍ലോസ് സോളാര്‍, ഫാബിയാന്‍ റൂയിസ് ഹ്യഗോ എറ്റികിറ്റെ എന്നിവരെ മാതൃ ക്ലബ്ബുകളിലേക്ക് മടക്കി അയക്കാനും പി എസ് ജിക്ക് പദ്ധതിയുണ്ട്. അതുപോലെ മറ്റ് ക്ലബ്ബുകളില്‍ വായ്പാ അടിസ്ഥാനത്തില്‍ കളിക്കുന്ന പി എസ് ജി താരങ്ങളായ കെയ്‌ലര്‍ നവാസ്, ലേവിന്‍ കുര്‍സാവ, കോളിന്‍ ഡാഗ്ബ, അബോഡു ഡിയാലോ എന്നിവരെ തിരികെയെത്തിക്കാനും ശ്രമിക്കും.


മെസിക്കും റാമോസിനും പുറമെ മറ്റ് ക്ലബ്ബുകള്‍ക്കായി വായ്പാടിസ്ഥാനത്തില്‍ കളിക്കുന്ന താരങ്ങളായ ജൂലിയന്‍ ഡ്രാക്സ്‌ലര്‍, ലിയാനാര്‍ഡോ പരെഡെസ്, ജോര്‍ജീഞ്ഞോ വിന്‍ഡാലം, മൗറോ ഇക്കാര്‍ഡി എന്നിവരെയും ടീമില്‍ നിന്ന് ഒഴിവാക്കാനാണ് പി എസ് ജി ശ്രമിക്കുന്നത്. മെസിക്കും റാമോസിനുമൊപ്പം നെയ്മര്‍ ജൂനിയറെയും ടീമില്‍ നിന്നൊഴിവാക്കാന്‍ പി എസ് ജി ശ്രമിക്കുന്നുണ്ടെങ്കിലും 2025വരെ കരാറുള്ള നെയ്മര്‍ ടീം വിടില്ലെന്ന നിലപാടിലാണ്. കഴിഞ്ഞ മാസം പരിക്കേറ്റ നെയ്മറിന് ഈ സീസണിലെ പി എസ് ജിയുടെ മത്സരങ്ങളെല്ലാം നഷ്ടമാവുമെന്ന് പി എസ് ജി നേരത്തെ വ്യക്തമാക്കിയിരുന്നു.