പാലക്കാട് കല്ലട ട്രാവല്‍സിന്‍റെ ദീര്‍ഘദൂര ബസ് അപകടത്തിന്റെ കാരണം അമിത വേഗവും ഡ്രൈവർ ഉറങ്ങിയതുമെന്ന് സംശയം

single-img
23 August 2023

ചെര്‍പ്പുളശ്ശേരി: പാലക്കാട് കല്ലട ട്രാവല്‍സിന്‍റെ ദീര്‍ഘദൂര ബസ് അപകടത്തിന്റെ കാരണം അമിത വേഗവും ഡ്രൈവർ ഉറങ്ങിയതുമെന്ന് സംശയം. അപകടത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും ബസ് ഡ്രൈവറെ ചോദ്യം ചെയ്യും. ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു.

അപകടത്തില്‍ മലപ്പുറം എടയത്തൂർ സ്വദേശി സൈനബാ ബീവിയും 25 വയസ് പ്രായമുള്ള യുവാവിന്‍റെയും മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. യുവാവിനെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. അപകടത്തെ തുടർന്ന് ബസിന്റെ അടിയിലായ രണ്ട് പേരാണ് മരിച്ചത്, ഒരാളുടെ അരയ്ക്ക് താഴെ ചതവുണ്ട്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്.

അപകടത്തിൽപ്പെട്ട ബസ് നിവർത്തിയ ശേഷം ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. പരിക്കേറ്റ റിംഷാ (26), മുഹമ്മദ്‌ (27), സുഫൈദ് (17), ടിയാ (18), നിഷാന്ത് (42), ശിവാനി (18) എന്നിവരെ പെരിന്തൽമണ്ണ അല‍ഷിഫാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇന്ന് രാവിലെ 7.45ഓടെയായിരുന്നു അപകടമുണ്ടായത്. തിരുവാഴിയോട് ഇറക്കത്തിൽ വച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡിന് നടുവിൽ തന്നെ മറിയുകയായിരുന്നു.