മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങിയെന്ന് സംശയം

single-img
31 January 2023

പാലക്കാട്: മണ്ണാര്‍ക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങിയെന്ന് സംശയം .പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളര്‍ത്ത് നായയെ ആക്രമിച്ചു കൊന്നു.

ഇത് പുലി ആണെന്ന് നാട്ടുകാര്‍ പറയുന്നു. തത്തേങ്ങലത്ത് നേരത്തെ പുലിയെയും കുട്ടികളെയും കണ്ടെത്തിയിരുന്നു

ഇതിനിടെ വന്യമൃഗ ശല്യത്തിന് പരിഹാരം തേടി വയനാട് പൊന്മുടികോട്ടയിലെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കും. രാവിലെ 10 മണിമുതല്‍ ബത്തേരി ആയിരംകൊല്ലി റോഡാണ് നാട്ടുകാര്‍ ഉപരോധിക്കുക. 2 മാസം കഴിഞ്ഞിട്ടും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്ന കടുവയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് റോ‍ഡ് ഉപരോധം. പൊന്മുടികോട്ടയില്‍ പുലിയുടെ സാന്നിധ്യവുമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കടുവയെ പിടികൂടാന്‍ കൂടും നിരീക്ഷണ ക്യാമറകളും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.

ഇടുക്കി പെരുവന്താനം പഞ്ചായത്തിലെ കാട്ടാന്‍ ശല്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷധിച്ച്‌ പെരുവന്താനം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. യുഡിഎഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് TR&T എസ്റ്റേറ്റില്‍ ഇരുപതിലധികം വരുന്ന കാട്ടാനക്കൂട്ടം തോട്ടം തൊഴിലാളികള്‍ക്ക് ജോലി ചെയ്യുവാന്‍ കുഴിയാത്ത വിധത്തില്‍ ഭീഷണി ഉയര്‍ത്തുന്നു. ഈ ആനക്കൂട്ടം തെക്കേമല, പാലൂര്‍ക്കാവ്, കാനംമല തുടങ്ങിയ കാര്‍ഷിക മേഖലയിലേയ്ക്ക് കടന്നുകയറുന്ന സാഹചര്യം ഉണ്ടായതിനാല്‍ നാട്ടുകാര്‍ തീ ഇട്ടാണ് ആനകളെ തുരത്താന്‍ ശ്രമിച്ചത്. എന്നിട്ടും ശാശ്വതമായ പരിഹാരമായില്ല. വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. കൊട്ടാരക്കര ദിണ്ഡുക്കല്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ ഓടിക്കുന്നതില്‍ തടസ്സില്ലെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു