പ്രതിപക്ഷ നേതാവിന് വലിയ പ്രയാസമാണ്; അക്കാര്യം നാട്ടുകാർക്കും മനസിലാകുന്നുണ്ട്: മുഖ്യമന്ത്രി

single-img
23 December 2023

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിനോടുള്ള പകയാണ് പ്രതിപക്ഷത്തെ ഇപ്പോൾ മുളകുപൊടി പ്രയോഗത്തിലും പൊലീസിനുനേരെ ഇരുമ്പ് ഗോലിയെറിയുന്നതിലും എത്തിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായങ്ങളെയും തൊഴിൽ സാധ്യതകളെയും ഉപയോഗപ്പെടുത്താൻ സംസ്ഥാനത്തിനെ പ്രാപ്തമാക്കുന്ന നയങ്ങൾ സ്വീകരിക്കുന്ന സർക്കാരിന് പുതുതലമുറ നൽകുന്ന പിന്തുണ ചിലരെ അസ്വസ്ഥരാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു .

നവകേരള സദസ്സ് ആരംഭിച്ചപ്പോൾ മുതൽ കോൺഗ്രസും അവരുടെ യുവജന സംഘടനകളും ആരംഭിച്ച ആക്രമണ മനോഭാവം അതിന്റെ പ്രതിഫലനമാണ്. ആദ്യം വാഹനത്തിനു മുന്നിലേക്ക് ചാടിവീഴുകയായിരുന്നു. പിന്നീട് ബസിനുനേരെ ഷൂവെറിയുന്ന നിലയിലത്തി. സദസ്സിന്റെ പ്രചാരണത്തിനുള്ള നൂറുകണക്കിനു ബോർഡുകളും ബാനറുകളും തലസ്ഥാനത്തടക്കം തകർത്തു. ഇത്തരം നിലപാടുകൾ തിരുത്തി നാടിന്റെ മുന്നേറ്റത്തോടൊപ്പം ചേരാൻ പ്രതിപക്ഷം തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവിന് വലിയ പ്രയാസമാണ്. അത് എന്തുകൊണ്ടാണെന്ന് നമുക്ക് മനസിലാകും. അക്കാര്യം നാട്ടുകാർക്കും മനസിലാകുന്നുണ്ട്. ബിജെപിയെന്ന രാഷ്ട്രീയ കക്ഷിക്കെതിരെയല്ല നവകേരള സദസ്. സംസ്ഥാനത്തിന് തടസ്സം നിൽക്കുന്ന കേന്ദ്ര തടസങ്ങൾ മാറണം. അത് ജനങ്ങൾക്ക് മുന്നിൽ പറയണം. പക്ഷെ ബിജെപിക്കുണ്ടാകുന്ന പ്രയാസം തുടക്കം മുതൽ ഏറ്റെടുത്തത് വിഡി സതീശനാണ്. നാടിന്റെ താത്പര്യത്തിന് ഒപ്പമാകും വി ഡി സതീശനെന്നാണ് കരുതിയത്. എന്നാൽ അതല്ല ഉണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.