പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് കത്രികയല്ല; വിശദീകരണവുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കണ്ടെത്തിയത് കത്രികയല്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വിശദീകരണം.
മോസ്ക്വിറ്റോ ആര്‍ട്ടറി ഫോര്‍സെപ്സാണ് ഈ ഉപകരണം. യുവതിക്ക് മറ്റ് രണ്ട് ആശുപത്രികളില്‍ ശസ്ത്രക്രിയ നടന്നിരുന്നു. അതിനാല്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് പിഴവ് സംഭവിച്ചതെന്ന് തീര്‍ത്ത് പറയാനാവില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇവി ഗോപി പറഞ്ഞു.
യുവതിയുടെ ശത്രക്രിയക്ക് ശേഷം ബന്ധപ്പെട്ട നഴ്സുമാര്‍ ഉപകരണങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയതാണ്. ഇതില്‍ കുറവ് കണ്ടെത്തിയിരുന്നില്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന വിവാദത്തിലാണ് ഇപ്പോള്‍ മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്ന് വിശദീകരണം വരുന്നത്. 30 കാരിയായ കോഴിക്കോട് അടിവാരം സ്വദേശി ഹര്‍ഷിനയാണ് ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നുള്ള ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്.
2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയ നടന്നതിന് ശേഷം ഹര്ഷിനയ്ക്ക് വേദന ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. അഞ്ച് വര്‍ഷമാണ് യുവതി മൂത്ര സഞ്ചിയില്‍ തറച്ച് നിന്ന മെഡിക്കല്‍ ഉപകരണവുമായി വേദന തിന്നത്. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നില്‍ക്കുന്നത് കണ്ടെത്തുന്നത്.
കഴിഞ്ഞ മാസം സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ഇത്രകാലം അനുഭവിച്ച കൊടുംവേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അന്വേഷിക്കുന്നത്.