തെളിവില്ലാതെ ഭർത്താവിനെ സ്ത്രീ ലംബടൻ എന്നും മദ്യപാനിയെന്നും വിശേഷിപ്പിക്കുന്നതും ക്രൂരമായ പ്രവൃത്തി: ബോംബെ ഹൈക്കോടതി
ശരിയായ തെളിവുകൾ ഇല്ലാതെ ഭർത്താവിനെ അപകീർത്തിപ്പെടുത്തുന്നതും സ്ത്രീ ലംബടൻ എന്നും മദ്യപാനിയെന്നും വിശേഷിപ്പിക്കുന്നതും ക്രൂരമായ പ്രവർത്തിയെന്ന് ബോംബെ ഹൈക്കോടതി. മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായുള്ള ദമ്പതികൾക്ക് വിവാഹമോചനം നൽകിക്കൊണ്ടുള്ള കുടുംബ കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
സൈന്യത്തിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ പൂനെയിലെ ഒരു കുടുംബ കോടതിയുടെ 2005 നവംബറിലെ ഉത്തരവിനെ ചോദ്യം ചെയ്ത് 50 കാരിയായ സ്ത്രീ നൽകിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം.
ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ നിതിൻ ജംദാർ, ഷർമിള ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. ഇന്ന് ഹൈക്കോടതി അപ്പീൽ പരിഗണിക്കുന്നതിനിടെ മുൻ സൈനികൻ മരിച്ചതിനാൽ നിയമപരമായ അവകാശിയെ കക്ഷി ചേർക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. തന്റെ ഭർത്താവ് സ്ത്രീവിരുദ്ധനും മദ്യപാനിയുമാണെന്നും ഈ ദുഷ്പ്രവണതകൾ കാരണം തനിക്ക് ദാമ്പത്യാവകാശങ്ങൾ നഷ്ടമായെന്നും സ്ത്രീ അപ്പീലിൽ അവകാശപ്പെട്ടിരുന്നു.
ഭർത്താവിന്റെ സ്വഭാവത്തിനെതിരെ അനാവശ്യവും തെറ്റായതുമായ ആരോപണങ്ങൾ ഭാര്യ ഉന്നയിക്കുന്നത് സമൂഹത്തിൽ അയാളുടെ പ്രശസ്തിക്ക് കോട്ടമുണ്ടാക്കുമെന്നും ഇത് ക്രൂരതയ്ക്ക് തുല്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
സ്വന്തം മൊഴിയല്ലാതെ സ്ത്രീ തന്റെ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഭർത്താവിനെതിരെ വ്യാജവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ച് ഹരജിക്കാരിയായ സ്ത്രീ മാനസികമായി വേദനിപ്പിച്ചെന്ന് ഭർത്താവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.