കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ച സംഭവം; നികുതി ഭീകരാക്രമണമാണ് ബിജെപി നടത്തുന്നതെന്ന് ജയറാം രമേശ്
കോണ്‍ഗ്രസ് പാർട്ടിയുടെ വിവിധ അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചതിലൂടെ നികുതി ഭീകരാക്രമണമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു . ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ സാമ്പത്തികമായി ഞെരുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
കേന്ദ്ര സർക്കാരിലൂടെ നികുതി ഭീകരാക്രമണം നടത്തിയാല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നാണ് ബിജെപി ചിന്തിക്കുന്നത്. നേരത്തെ രാജ്യത്ത് നോട്ട് നിരോധനം നടത്തിയപ്പോഴും ബിജെപിയ്ക്ക് സമാനമായ ലക്ഷ്യമായിരുന്നുവെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്ന് 65 കോടി രൂപയാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. ഇതോടൊപ്പം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ബിജെപിക്കെതിരെ രംഗത്തെത്തി. കോണ്‍ഗ്രസും ഇന്ത്യ ഭരിച്ചിട്ടുണ്ടെന്നും യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബിജെപിക്ക് ഇത്തരം ഒരനുഭവം ഉണ്ടായിട്ടുണ്ടോയെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.