സൂറത്തിലെ റെയില്‍വേ സ്‌റ്റേഷൻ സ്‌ക്രീനില്‍ ‘ജയ്ശ്രീറാം’ സന്ദേശം; വിവാദം
സൂറത്ത് റെയില്‍വേ സ്‌റ്റേഷനിൽ സ്‌ക്രീനില്‍ ‘ജയ്ശ്രീറാം’ സന്ദേശം പ്രത്യക്ഷപ്പെട്ടത് വിവാദമാകുന്നു . സ്റ്റേഷന്റെ വെളിയിലാണ് പ്രധാന കവാടത്തിന് സമീപം ഇന്‍ഡിക്കേറ്റര്‍ സ്‌ക്രീനിന് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി സ്‌ക്രീനില്‍ ജയ്ശ്രീറാം സന്ദേശം പ്രദര്‍ശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഈ നടപടിയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.സൂറത്ത് റെയില്‍വേ സ്റ്റേഷനിലെ ഇന്‍ഡിക്കേറ്റര്‍ സ്‌ക്രീനില്‍ ജയ്ശ്രീറാം പ്രദര്‍ശിക്കുന്നതിന്റെ വീഡിയോ മാധ്യമപ്രവര്‍ത്തകന്‍ അഹമ്മദ് കബീര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ഇത് ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നതാണോ, ഇത് നിയമപരമാണോ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്.
ധാരാളം പേരാണ് ഈ ട്വീറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതോടൊപ്പം തന്നെ ‘ഏക് ഹി നാര ഏക് ഹി നാം (ഒരു മുദ്രാവാക്യം, ഒരു നാമം), ധര്‍മ്മോ രക്ഷതി രക്ഷിതാ (ധര്‍മ്മത്തെ സംരക്ഷിക്കുന്നവന്‍ ധര്‍മ്മത്താല്‍ സംരക്ഷിക്കപ്പെടുന്നു) എന്ന വരികളും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വിഷയത്തിൽ റെയില്‍വേ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.