ലോകത്തിലെ ഏറ്റവും വില കൂടിയ അരിയുമായി ജപ്പാൻ; കിലോയ്ക്ക് 10,036 രൂപ

single-img
28 September 2024

വിവിധ തരത്തിലുള്ള അരികൾ നമുക്കറിയാം. ഇന്ത്യയിൽ സാധാരണ ലഭ്യമാകുന്ന പ്രീമിയം ക്വാളിറ്റി അരിക്ക് നൂറോ ഇരുന്നൂറോ ആയിരിക്കും കൂടിവന്നാൽ വില. എന്നാൽ, ഇവിടേക്ക് കിലോയ്ക്ക് 10,036 രൂപയുടെ അരിയുമായി എത്തിയിരിക്കുകയാണ് ജപ്പാൻ.

ഓഡിറ്റി സെൻട്രൽ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് കിൻമെമൈ പ്രീമിയം എന്നാണ് ഈ അരിയുടെ പേര്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ അരി എന്ന ഗിന്നസ് വേൾഡ് റെക്കോർഡും ഇതിനുണ്ട്. ഈ അരി പോഷകങ്ങളാൽ സമൃദ്ധമാണ് എന്നും ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നുമാണ് പറയപ്പെടുന്നത്.

കിൻമെമൈ പ്രീമിയം 140 ഗ്രാം വീതമുള്ള പാക്കറ്റുകളിലായിട്ടാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത് . ഒരു കിലോയ്ക്ക് ഏകദേശം $120 (ഏകദേശം 10,036 രൂപ) ആണ് വില.2016 -ൽ, കിലോയ്ക്ക് 109 ഡോളർവിലയുണ്ടായിരുന്ന ഈ അരി ആ വർഷം ഏറ്റവും വിലയേറിയ അരി എന്ന ലോക റെക്കോർഡ് സ്ഥാപിച്ചിരുന്നു.

ജപ്പാനിലെ ടോയോ റൈസ് കോർപ്പറേഷനാണ് കിൻമെമൈ പ്രീമിയം എന്ന ഈ അരി ഉൽപ്പാദിപ്പിക്കുന്നത്. അഞ്ച് തരത്തിലുള്ള ജാപ്പനീസ് അരികളിൽ നിന്ന് തിരഞ്ഞെടുത്ത ധാന്യങ്ങൾ ഉൾപ്പെടുന്നതാണ് ഈ അരി. ഇത് കഴുകാതെ തന്നെ നമുക്ക് വേവിക്കാൻ സാധിക്കും .