ദുരൂഹസാഹചര്യത്തിൽ കാണാതായ ജസ്ന ജീവിച്ചിരിപ്പില്ലെന്ന് അച്ഛൻ
പത്തനംതിട്ടയിൽ നിന്നും ആറുവർഷങ്ങൾക്ക് മുമ്പ് ദുരൂഹസാഹചര്യത്തിൽ കാണാതായ ജസ്ന ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്ന് അച്ഛൻ. തന്റെ മകളുടെ അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങൾ കൈവശമുണ്ടെന്നും അച്ഛൻ ജെയിംസ് തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ജസ്ന ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്നീ സംശയം നിലനിൽക്കെയാണ് മകൾ ജീവനോടെയില്ലെന്ന് അച്ഛൻ തന്നെ സത്യവാങ്മൂലത്തിൽ അറിയിക്കുന്നത്. സംഭവത്തിൽ തനിക്ക് സംശയമുളള അജ്ഞാത സുഹൃത്തിനെ കുറിച്ച് വിവരം നല്‍കിയിട്ടും ആ ദിശയില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ സി.ബി.ഐ തയ്യാറായില്ലെന്നും ജസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് ആരോപിക്കുന്നു.
കാണാതാകലിൽ സിബിഐ ആകെ സംശയിച്ചത് ജസ്‌നയുടെ സഹപാഠിയെയാണ്. ഈ വ്യക്തിയെ സിബിഐ സംഘം പോളീഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിട്ടും വിവരങ്ങൾ കിട്ടിയിരുന്നില്ല. ജസ്‌നയെ കാണായതിന്റെ തലേദിവസം ജസ്‌നക്ക് ഉണ്ടായ അമിത രക്ത സ്രാവത്തിന്റെ കാരണം കണ്ടെത്താന്‍ സിബിഐ സംഘം ശ്രമിച്ചില്ലെന്നും അച്ഛൻ കുറ്റപ്പെടുത്തുന്നു. ശരിയായ ദിശയില്‍ കാര്യങ്ങള്‍ അന്വേഷിക്കുമെങ്കില്‍ ജസ്‌നയുമായി രഹസ്യമായി അടുപ്പം സ്ഥാപിച്ച അജ്ഞാത സുഹൃത്തിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണ്.
അജ്ഞാത സുഹൃത്ത് തെളിവുകള്‍ നശിപ്പിക്കുമെന്നാണ് ജെയിംസ് ജോസഫിന്റെ പേടി. രഹസ്യ സ്വഭാവത്തോടെയാണ് സിബിഐ അന്വേഷിക്കാന്‍ തയ്യാറാകുന്നതെങ്കില്‍ ആളിന്റെ ഫോട്ടോ അടക്കമുളള ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും അച്ഛൻ കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഉറപ്പ് നല്‍കുന്നു.