ജസ്പ്രീത് ബുംറ ന്യൂസിലൻഡിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി; ആറ് മാസത്തേക്ക് പുറത്തിരിക്കാൻ സാധ്യത


തുടർച്ചയായി വരുന്ന നടുവേദനയുമായി മല്ലിടുന്ന ഇന്ത്യൻ പ്രീമിയർ പേസർ ജസ്പ്രീത് ബുംറ ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ വിജയകരമായ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇതിനെ തുടർന്ന് ആറ് മാസത്തേക്ക് അദ്ദേഹം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മുതിർന്നവരുടെ നട്ടെല്ലിന്റെ അവസ്ഥയും ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധനായ ഓർത്തോപീഡിക് സർജനായ ഡോ. റോവൻ ഷൗട്ടൻ ആണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയതെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.
അടുത്ത ആറ് മാസത്തേക്ക് ബുംറയ്ക്ക് കളിക്കാനാകാത്തത് ഏഷ്യാ കപ്പിൽ നിന്ന് അദ്ദേഹം പുറത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുമ്രയുടെ മടങ്ങിവരവ്, എല്ലാം പ്ലാൻ അനുസരിച്ച് നടക്കുകയാണെങ്കിൽ, ഒക്ടോബർ-നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ബിസിസിഐ വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിൽ രണ്ട് ടി20 മത്സരങ്ങൾ കളിച്ചതിന് ശേഷം 29 കാരനായ താരം പുറത്തായിരുന്നു. തുടർന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വൈറ്റ്-ബോൾ പരമ്പരയിൽ നിന്ന് പിന്മാറിയ അദ്ദേഹത്തിന് ടി20 ലോകകപ്പിൽ എത്താനായില്ല.