ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനാകാൻ താൽപ്പര്യമെന്ന് ജസ്പ്രീത് ബുംറ
രോഹിത് ശർമ്മയ്ക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകനാകാൻ താൽപ്പര്യം പ്രകടിപ്പിച്ച് പേസർ ജസ്പ്രീത് ബുംറ. ഇന്ത്യയുടെ ക്യാപ്റ്റനാകാൻ അവസരം ലഭിച്ചാൽ തനിക്ക് സന്തോഷമെന്ന് ബുംറ പറഞ്ഞു. ഇതുവരെ ഇന്ത്യയെ ഒരു ടെസ്റ്റിൽ മാത്രമാണ് ബുംറ നയിച്ചിട്ടുള്ളത്. രോഹിത് ശർമ്മയുടെ അഭാവത്തിൽ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ നടന്ന മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു.
അതിനുപുറമെ അയർലൻഡിൽ മൂന്ന് ട്വന്റി 20 മത്സരങ്ങളിലും ബുംറ ഇന്ത്യയുടെ നായകനായിട്ടുണ്ട്. ഇതിനോടകം 36 വയസ് പിന്നിട്ട ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ കരിയർ അധികനാൾ നീണ്ടേക്കില്ല. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ബുംറയുടെ പ്രതികരണം.
തനിക്ക് ഒരു ടെസ്റ്റിൽ ഇന്ത്യയെ നയിക്കാൻ കഴിഞ്ഞത് വലിയ അംഗീകാരമെന്ന് ബുംറ അഭിപ്രായപ്പെട്ടു . ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക എന്നത് മഹത്തരമാണ്. ടീമിന്റെ നായകനാകുക അതിലേറെ മഹത്തരവുമാണ്. ഒരു ഫാസ്റ്റ് ബൗളറെന്ന നിലയിൽ തനിക്ക് ചിലപ്പോൾ ഫൈൻലെഗിൽ ഫീൽഡ് ചെയ്യേണ്ടി വരും. എങ്കിലും ടീമിന്റെ എല്ലാ തീരുമാനങ്ങളിലും ഭാഗമാകുന്നത് സന്തോഷകരമാണെന്നും ബുംറ വ്യക്തമാക്കി
ക്യാപ്ടനാകുക എന്നത് വളരെ കഠിനമായ ജോലിയാണ്. പക്ഷെ പേസർമാർ ക്യാപ്ടനാകുന്നത് നല്ല മാതൃകയാണെന്നും ബുംറ പ്രതികരിച്ചു. അന്തരാഷ്ട്ര മാധ്യമമായ ദ ഗാർഡിയനാണ് ബുംറയുടെ വാക്കുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.