പരിക്ക്; ജസ്പ്രിത് ബുമ്രയ്ക്ക് ടി 20 ലോകകപ്പ് നഷ്ടമാകും

single-img
29 September 2022

പരിക്ക് പൂർണ്ണമായും വിട്ടുമാറാത്തതിനാൽ ഇന്ത്യൻ പേസർ ജസ്പ്രിത് ബുമ്രയ്ക്ക് ഇത്തവണത്തെ ടി20 ലോകകപ്പ് നഷ്ടമാകുമെന്ന് റിപ്പോർട്ട്‌‌. പരിക്ക് കാരണം കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ആദ്യ ടി20യിൽ ബുമ്ര കളിച്ചിരുന്നില്ല.

അടുത്തുതന്നെയുള്ള ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയും പിന്നാലെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പും അദ്ദേഹത്തിന് നഷ്ടമാകുമെന്ന് ഇന്നാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. അതേസമയം, പരിക്കിൽ നിന്ന് മോചിതനാവാൻ ബുമ്രയ്ക്ക് ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് റിപ്പോർട്ടുകൾ‌‌. പക്ഷെ പൂർണ്ണമായ രീതിയിൽ ഫിറ്റ്നസിലേക്ക് തിരിച്ചു വരാൻ 4 മുതൽ 6 മാസം വരെ അദ്ദേഹത്തിന് വിശ്രമം വേണ്ടി വരും.

മുൻപ് പരിക്കിനെത്തുടർന്ന് ഇക്കഴിഞ്ഞ ഏഷ്യാ കപ്പും ബുമ്രയ്ക്ക് നഷ്ടമായിരുന്നു. പിന്നീട് ഒരു മാസത്തോളം സമയം ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചിലവഴിച്ചായിരുന്നു അദ്ദേഹം പരിക്കിൽ നിന്ന് മോചിതനായി ഫിറ്റ്നസ് വീണ്ടെടുത്തത്. അതിനുശേഷം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ രണ്ട് മത്സരങ്ങളും കളിച്ചെങ്കിലും തന്റെ മികച്ച ഫോമിലല്ലായിരുന്നു.