ജെഡിഎസ് സംസ്ഥാന നേതൃത്വം എൽഡിഎഫിനൊപ്പം ഉറച്ചു നിൽക്കും: മാത്യു ടി തോമസ്

single-img
7 October 2023

ജെഡിഎസ് ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര പ്രസ്ഥാനമായി തന്നെ തുടരുമെന്ന് കേരള സംസ്ഥാന പ്രസിഡന്റ്‌ മാത്യു ടി തോമസ് എംഎൽഎ. ബിജെപിക്ക് ഒരിക്കലും ബദലാകാൻ കോൺഗ്രസിന് കഴിയില്ല എന്ന തിരിച്ചറിവിലാണ് ജെഡിഎസ് പ്രവർത്തിക്കുന്നത്. ഈ നയത്തിന്റെ അടിസ്ഥാനത്തിലാണ് കർണാടക തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചത്.

ബിജെപിയേയും കോൺഗ്രസിനേയും ഒരേപോലെ എതിർക്കുക എന്ന നയമാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിച്ചത്. എന്നാൽ ഒരു ചർച്ചയും ഇല്ലാതെ ബിജെപിയുമായി സഹകരിക്കാൻ ദേശീയ നേതൃത്വം തീരുമാനിച്ചു. സംസ്ഥാന നേതൃത്വം ഈ തീരുമാനത്തിനൊപ്പമില്ല.

കേരളത്തിലെ നേതൃത്വം എൽഡിഎഫിനൊപ്പം ഉറച്ചു നിൽക്കും. ദേശീയ നേതൃത്വത്തിന്റെ തീരുമാനം തള്ളി കളയുന്നുവെന്നും മാത്യു ടി തോമസ് പറഞ്ഞു. സംഘടനയുടെ തുടർ നടപടികൾ വൈകാതെ തീരുമാനിക്കും. മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി സംസാരിക്കും. ലയനത്തെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. ലയന സാധ്യത ഒരിക്കലുമുണ്ടാകില്ല എന്ന് പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 11ന് സംസ്ഥാന സമിതി യോഗം വീണ്ടും ചേരും. തിരുവനന്തപുരത്താണ് യോഗം ചേരുക. സിപിഐഎമ്മിന്റെ അംഗീകാരത്തിനായി അപേക്ഷ നൽകിയിട്ടില്ല. ഏത് സാഹചര്യത്തെയും നേരിടാനുള്ള തീരുമാനവുമായാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും പ്രതിസന്ധി ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന യോഗത്തിന് ശേഷം മാത്യു ടി തോമസ് പറഞ്ഞു.

ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ തുടരാനാവില്ലെന്ന് സിപിഎം മുന്നറിയിപ്പ് നൽകിയതോടെയാണ് ജെഡിഎസ് അടിയന്തര നേതൃയോഗം ചേർന്നത്. സംസ്ഥാന പ്രസിഡന്റ്‌ മാത്യു ടി തോമസ് എംഎൽഎയും മന്ത്രി കെ കൃഷ്ണൻ കുട്ടിയും അഖിലേന്ത്യാ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എൻഡിഎ സഖ്യത്തിനൊപ്പം നിൽക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് സ്വതന്ത്രമായി തീരുമാനിക്കാമെന്നാണ് ദേവഗൗഡ നൽകിയ മറുപടി. 2006ലേതിന് സമാനമായി സ്വതന്ത്ര നിലപാട് സ്വീകരിച്ച് നിൽക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസ് കേരളത്തിൽ മത്സരിക്കാത്തതിനാൽ പ്രതിസന്ധിയുണ്ടാവില്ലെന്നാണ് കണക്കു കൂട്ടൽ.