ജിതിനെ കൊണ്ട് കുറ്റം സമ്മതിപ്പിച്ചത് ചോക്ലേറ്റില്‍ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി: കെ സുധാകരൻ

single-img
22 September 2022

തലസ്ഥാനത്തെ എകെജി സെന്റര്‍ ആക്രമണക്കേസില്‍ അന്വേഷണ സംഘമായ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ നിരപരാധിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഉദ്യോഗസ്ഥർ ചോക്ലേറ്റില്‍ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയാണ് ജിതിനെ കൊണ്ട് കുറ്റം സമ്മതിപ്പിച്ചതെന്ന് സുധാകരന്‍ ആരോപിക്കുന്നു.

ലഹരിയിൽ അബോധ മനസില്‍ ജിതിന്‍ എന്തൊക്കെയോ വിളിച്ചു പറയുകയായിരുന്നു. നേരത്തെ ചോദ്യം ചെയ്തവര്‍ക്കും ഇത്തരം ചോക്ലേറ്റ് ക്രൈംബ്രാഞ്ച് നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ ആരോപിച്ചു. ജിതിന്‍ കുറ്റസമ്മതം നടത്തിയെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും അങ്ങനെ ചെയ്‌തെങ്കില്‍, അത് അവര്‍ എന്തോ കൊടുത്ത് ബോധമനസിനെ കെടുത്തി പറയിപ്പിച്ചതാണെന്നുമാണ് സുധാകരൻ പറയുന്നത്.

‘ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാനായി കൊണ്ടു പോകുമ്പോള്‍ മറ്റൊരു യുവാവിന് എസ്പിയുടെ മുന്നില്‍ വച്ചു ചോക്ലേറ്റ് പോലൊരു സാധനം കൊടുത്ത് ബോധമനസിനെ കെടുത്തി എന്തൊക്കെയോ പറയിപ്പിച്ചു. ആ യുവാവ് ഇപ്പോള്‍ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലാണ്. ഇതുപോലെ തന്നെ ജിതിനും ചോക്ലേറ്റ് കൊടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്.ഒന്നിലധികം തവണ ഇത്തരത്തിലുള്ള ചോക്ലേറ്റ് കൊടുത്തപ്പോള്‍ അബോധ മനസോടെ ജിതന്‍ എന്തൊക്കെയോ വിളിച്ചുപറയുകയായിരുന്നു.”- കെ സുധാകരൻ പറഞ്ഞു.