ബിജെപിയിൽ ചേർന്നത് കോണ്‍ഗ്രസിലുളള വിശ്വാസം നഷ്ടപ്പെട്ടതിനാൽ: അമരീന്ദര്‍ സിങ്
കോൺഗ്രസ് പാർട്ടിയിലുള്ള വിശ്വാസം നഷപ്പെട്ടതിനാലാണ് താൻ ബിജെപിയില്‍ ചേര്‍ന്നതെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. കോൺഗ്രസിൽ നിന്നും പുറത്തുവന്ന പിന്നാലെ അദ്ദേഹം രൂപീകരിച്ച പാര്‍ട്ടി പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് സിങിന്റെ പ്രസ്താവന.
അൻപത് വർഷത്തിലേറെയായി കോണ്‍ഗ്‌സ് പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച ശേഷം അപ്രതീക്ഷിതമായി പുറത്തായതിനെക്കുറിച്ചും ക്യാപ്റ്റന്‍ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ‘പാർട്ടിയിൽ നിന്നും രാജിവെക്കാന്‍ ആവശ്യപ്പെടുന്നതിന് ഒരു മാസം മുമ്പ് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നെ വിളിച്ചിരുന്നു. സിഎല്‍പി യോഗം വിളിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ സോണിയ ഗാന്ധിയെ വിളിച്ചു. പക്ഷെ സോണിയ എന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു. ‘- അദ്ദേഹം പറഞ്ഞു.
നേരത്തെ ഞാന്‍ പഞ്ചാബ് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ടു. രാജ്യത്തിന്റെ ഒരു അതിര്‍ത്തി സംസ്ഥാനത്തെ മുഖ്യമന്ത്രി, കേന്ദ്രസർക്കാരിലെ ആഭ്യന്തര മന്ത്രിയെയും പ്രധാനമന്ത്രിയെയും കണ്ടില്ലെങ്കില്‍ ആരാണ് അവരെ കാണേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു.
താൻ ഇപ്പോള്‍ പൂർണ്ണമായും ബിജെപിക്കൊപ്പമാണെന്നും കോണ്‍ഗ്രസില്‍ എന്താണ് സംഭവിക്കുന്നത് എന്നതില്‍ തനിക്ക് ആശങ്കയില്ലെന്നും അമരീന്ദർ സിങ് പറഞ്ഞു. മാത്രമല്ല, ആവശ്യംവന്നാൽ സംസ്ഥാനത്തെ അനധികൃത ഖനനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേരുവിവരങ്ങള്‍ വിജിലന്‍സ് വകുപ്പിനോട് വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.