മുഖ്യമന്ത്രിയ്ക്കെതിരായ വിമർശനങ്ങൾ എൽഡിഎഫിൽ ഉന്നയിക്കേണ്ടെന്ന് ജോസ് കെ മാണി

25 June 2024

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ തോമസ് ചാഴിക്കാടൻ ഉയർത്തിയ വിമർശനങ്ങൾ കേരള കോൺഗ്രസ് എം ഇടതുമുന്നണി യോഗത്തിൽ ഉന്നയിച്ചേക്കില്ല. യോഗത്തിൽ ഇക്കാര്യങ്ങൾ ഉന്നയിച്ച് സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കേണ്ടെന്നാണ് ജോസ് കെ മാണി ഉൾപ്പെടെ കൈക്കൊണ്ട തീരുമാനം.
വിഷയത്തിൽ സ്റ്റിയറിങ് കമ്മിറ്റിയിൽ ചെയർമാൻ ജോസ് കെ മാണി നിലപാട് വ്യക്തമാക്കി. ജോസ് കെ മാണിയ്ക്ക് രാജ്യസഭാ സീറ്റ് ഉറപ്പായതിന് പിന്നാലെയാണ് തീരുമാനം.ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം എല്ലാവർക്കും ഉണ്ടെന്ന നിലപാടാണ് ജോസ് കെ മാണി ഉൾപ്പെടെയുള്ള നേതാക്കൾക്കുള്ളത്.
സംസ്ഥാനത്തുണ്ടായ യുഡിഎഫ് തരംഗത്തിന്റെ ഭാഗമായാണ് കോട്ടയത്തും എൽഡിഎഫ് സ്ഥാനാർത്ഥി തോൽക്കുന്ന അവസ്ഥയുണ്ടായത്. ഈ നിലപാട് ജോസ് കെ മാണി തന്നെ സ്റ്റിയറിങ് കമ്മിറ്റിയിൽ അറിയിച്ചു.