ജൂലൈയില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് ജോസ് കെ മാണി വിഭാഗം
കേരളത്തിൽ നിന്നും അടുത്തതായി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് ഇടതുമുന്നണിയിൽ ജോസ് കെ മാണി വിഭാഗം. നേരത്തെ ഒഴിവ് വന്ന സീറ്റ് സിപിഐക്ക് നല്‍കിയതാണ്. ജൂലൈയില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച വേണ്ട. അര്‍ഹതപ്പെട്ട സീറ്റില്‍ തുടരണം.
തങ്ങൾ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേക്ക് വരുമ്പോള്‍ പ്രധാനമായി വച്ച ഉപാധിയും ഇതായിരുന്നു. ഇതിനു മുന്‍പ് ഒഴിവ് വന്ന രണ്ടു സീറ്റുകളില്‍ ഒന്ന് സിപിഐയുടെ പി സന്തോഷ് കുമാറിന് നല്‍കിയതാണ്. ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ജോസ് കെ മാണി വിഭാഗം.
സ്വന്തം തട്ടകമായ കോട്ടയം കേരള കോണ്‍ഗ്രസിനു നഷ്ടമായാല്‍ ആ പേരില്‍ രാജ്യസഭയിലേക്കുള്ള വാതില്‍ പൂർണ്ണമായി അടയും . അടുത്ത തവണ പരിഗണിക്കാമെന്ന സമീപനമാകും ഇടതുമുന്നണി സ്വീകരിക്കുക. അങ്ങനെ വന്നാല്‍ അതിനോട് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എങ്ങനെ പ്രതികരിക്കും എന്നതും അതി പ്രധാനമാണ്.
ജോസ് കെ മാണിയും കൂട്ടരും മുന്നണിയിലേക്ക് വന്നപ്പോള്‍ അവരുമായുണ്ടാക്കിയ വ്യവസ്ഥകള്‍ പാലിക്കാന്‍, സിപിഐയെ അനുനയിപ്പിക്കുമോ എന്നതും ശ്രദ്ധേയമാണ്. കേരള കോണ്‍ഗ്രസിനു വേണ്ടി തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിട്ടു വീഴ്ച ചെയ്ത് സിപിഐ, ഇനിയൊരു ത്യാഗത്തിന് തയാറാകുമോ എന്നതും കണ്ടറിയണം.