മാധ്യമപ്രവർത്തകന് നഷ്ടമായത് പതിനായിരങ്ങൾ; ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്നവർ ജാഗ്രത

single-img
13 November 2023

ഡേറ്റിംഗ് ആപ്പുകളുടെയും മറ്റും ഉപയോഗം ഈ സോഷ്യൽ മീഡിയ കാലത്തിൽ വർദ്ധിക്കുകയാണ്. ബംബിൾ, ടിൻഡർ എന്നിങ്ങനെയുള്ള വിവിധ ഡേറ്റിംഗ് ആപ്പുകളാണ് കൂടുതൽ പേരും ഉപയോഗിക്കുന്നത്. അതേസമയം, മറ്റെല്ലാ ആപ്‌ളിക്കേഷനുകളിലും ഉളളതുപോലെ ഡേറ്റിംഗ് ആപ്പുകളിലും അപകടങ്ങൾ പതിയിരുപ്പുണ്ട്.

ഇപ്പോൾ ഇതാ, ബംബിൾ ഉപയോക്താവായ ഒരു മാധ്യമപ്രവർത്തകൻ കബളിപ്പിക്കപ്പെട്ടതായുള്ള വാർത്തകൾ പുറത്തുവരികയാണ്. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനായ അർച്ചിത് ഗുപ്തയാണ് ബംബിളിൽ കണ്ടുമുട്ടിയ യുവതി തന്നെ കബളിപ്പിച്ച വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുമായി ഒരു ബാറിൽ പോയെന്നും ഭക്ഷണവും ഡ്രിങ്ക്‌സും ഓർഡർ ചെയ്തതിനുശേഷം ബിൽ എത്തിയപ്പോൾ യുവതി അപ്രത്യക്ഷയായെന്നും പങ്കുവച്ച പോസ്റ്റിൽ അർച്ചിത് പറഞ്ഞു.

15,886 രൂപയാണ് അർച്ചിതിന് നഷ്ടമായത്.പണമടച്ചതിനുശേഷം ടോയ്ലറ്റിൽ പോയി വന്ന സമയം ബിൽ അപ്രത്യക്ഷമായെന്നും ഇതിനിടെ യുവതി താൻ സഹോദരനൊപ്പം പോവുകയാണെന്ന് പറഞ്ഞ് പെട്ടെന്നുതന്നെ കടന്നുകളഞ്ഞുവെന്നും അർച്ചിത് പറയുന്നു. പിന്നീട് പലതവണ വിളിച്ചിട്ടും മെസേജുകൾ അയച്ചിട്ടും യുവതി പ്രതികരിച്ചില്ല.

ഈ രീതിയിലുള്ള തട്ടിപ്പുകൾ പല കഫേകളിലും ക്‌ളബുകളിലും നടക്കുന്നതായി പിന്നീട് മനസിലാക്കിയെന്നും ചിലർ തട്ടിപ്പിനായി ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് യുവതികളെ പണം നൽകി ഉപയോഗിക്കുന്നതായും മാധ്യമപ്രവർത്തകൻ മുന്നറിയിപ്പ് നൽകുന്നു.